മനാമ: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹിയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ ഐ.വൈ.സി.സി. ബഹ്‌റൈൻ നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.

To advertise here,

ജനാധിപത്യ സംവിധാനത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഐ.വൈ.സി.സി. ബഹ്‌റൈൻ നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ഉയരുന്ന ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ വ്യക്തമായ മറുപടി നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്നും ഐ.വൈ.സി.സി. ബഹ്‌റൈൻ നേതൃത്വം അറിയിച്ചു.

പാർലമെന്റിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.