മനാമ: 2026-നും 2028-നും ഇടയിൽ 300 ജെറ്റ് ബോട്ടുകൾ നിർമിക്കുന്നതിനായി 'എച്ച് അൽ ദെയ്ൻ ബോട്ട്സ്', 'സീകാർട്ട്' എന്നിവ തമ്മിൽ കരാർ ഒപ്പുവെച്ചു. സീകാർട്ടിനെ സംബന്ധിച്ചിടത്തോളം 15 മുതൽ 17 ദശലക്ഷം വരെ യു.എസ്. ഡോളർ മൂല്യമുള്ളതാണ് പദ്ധതി. ബഹ്റൈനിലെ 'എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ' ഒക്ടോബർ ആറു മുതൽ എട്ടു വരെ നടന്ന 'മെയ്ഡ് ഇൻ ജി.സി.സി. ഫോറം ആൻഡ് എക്സിബിഷന്റെ' ഭാഗമായാണ് കരാർ ഒപ്പുവെച്ചത്.

To advertise here,

'എച്ച് അൽ ദെയ്ൻ ബോട്ട്സിന്റെ' ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ അബ്ദുല്ല അൽ മെർബാറ്റിയും 'സീകാർട്ടിന്റെ' ചെയർമാൻ ഹമദ് അൽ സയറും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചു. ഫൈബർഗ്ലാസ് ബോട്ടുകളുടെ രൂപകൽപ്പനയിലും നിർമാണത്തിലും വൈദഗ്ദ്ധ്യമുള്ള പ്രമുഖ ബഹ്റൈനി കമ്പനിയാണ് 'എച്ച് അൽ ദെയ്ൻ ബോട്ട്സ്'. മറൈൻ മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള, ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ ബോട്ട് നിർമാതാക്കളിൽ ഒന്നാണിത്. ഉയർന്ന നിലവാരമുള്ള മത്സ്യബന്ധന ബോട്ടുകൾ, വിനോദയാത്രയ്ക്കുള്ള യാച്ചുകൾ, വാണിജ്യ- സൈനിക പട്രോളിങ് ബോട്ടുകൾ എന്നിവ നിർമിച്ച് ഗൾഫ് മേഖലയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു.

വ്യക്തിഗത വാട്ടർക്രാഫ്റ്റുകളുടെ മികച്ച പ്രവർത്തനക്ഷമതയും ബോട്ടിന്റെ സുഖസൗകര്യങ്ങളും സുരക്ഷയും വൈവിധ്യമാർന്ന ഉപയോഗസാധ്യതകളും സംയോജിപ്പിച്ച് നൂതനമായ മറൈൻ അനുഭവം നൽകുന്നതിനാണ് 'സീകാർട്ട്' സ്ഥാപിതമായത്. 'റോട്ടാക്സ്' പ്രൊപ്പൽഷൻ സംവിധാനങ്ങളുടെയും ആഗോള സേവന- വിൽപ്പനാനന്തര ശൃംഖലയുടെയും പിന്തുണ ഇതിനുണ്ട്. യു.എ.ഇയിലെ ദുബായിലാണ് 'സീകാർട്ട് ഇന്റർനാഷണലിന്റെ' ആസ്ഥാനം. യു.എസിലെ സൗത്ത് കരോലിന, ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകൾ, ചൈനയിലെ ഹൈനാൻ പ്രവിശ്യ തുടങ്ങിയ അന്താരാഷ്ട്ര വിപണികളെയും ലക്ഷ്യസ്ഥാനങ്ങളെയും സീകാർട്ട് ബോട്ടുകൾ ലക്ഷ്യമിടുന്നു. ഇതിനുപുറമെ ബഹ്റൈൻ, ഫ്‌ലോറിഡ, ബഹാമാസ്, മൗറീഷ്യസ്, ദുബായ്, കുവൈറ്റ് തുടങ്ങിയ ഭാവി വിപണികളിലേക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.