മനാമ: പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സ്‌കൂള്‍ ഭൗമദിനം ആചരിച്ചു. 'മരങ്ങളെയും ഭൂമിയെയും സംരക്ഷിക്കുക' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ആഘോഷം. ഭൗമദിനത്തെ അടയാളപ്പെടുത്തുന്നതിനായി മിഡില്‍ സെക്ഷന്‍ ക്ലാസുകള്‍, അസംബ്ലികള്‍ എന്നിവ സംഘടിപ്പിച്ചു. 

To advertise here,

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ആരാധ്യ രമേശനും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അദിതി സജിത്തും പരിസ്ഥിതി അവബോധം പകരുന്ന പ്രഭാഷണങ്ങള്‍ നടത്തി. അഞ്ചും ആറും ഗ്രേഡുകളിലെ വിദ്യാര്‍ഥികള്‍ പ്രകൃതിയുടെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുകയും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ  ദോഷഫലങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സ്‌കിറ്റ് അവതരിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യര്‍ഥികളായ ജോണ്‍ പോള്‍ ലിറ്റോ സ്‌കൂള്‍ വാര്‍ത്തകളും വാതീന്‍ ഖാലിദ് അല്‍ഹര്‍ബി അന്താരാഷ്ട്ര വാര്‍ത്തകളും പങ്കിട്ടു. അഞ്ചാം ക്ലാസിലെ പ്രീത് മെഹുലും ഹന്ന മെനസിസും ഏഴാം ക്ലാസിലെ ഗൗരിനന്ദ കൃഷ്ണദാസും റിയോണ മില്‍ട്ടനും അവതാരകരായി.

ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ ഫ്യൂഷന്‍ നൃത്തം അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും ചാര്‍ട്ടുകളും കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, പ്രധാന അധ്യാപികമാരായ ശ്രീജ പ്രമോദ് ദാസ്, ആന്‍ലി ജോസഫ് എന്നിവര്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി. സതീഷ് പങ്കെടുത്തു. 

ആറും ഏഴും എട്ടും ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അമൂല്യമായ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി വാദിക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍  ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി എന്നിവര്‍ ഭൗമദിന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പ്രചോദനം നല്‍കിയ അധ്യാപകരെയും അഭിനന്ദിച്ചു.