മനാമ: മധ്യേഷ്യയിൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള സർക്കാർ ഫോറത്തിന്റെ ഏഴാമത് പതിപ്പിന് ഒക്ടോബർ 12 മുതൽ 14 വരെ ബഹ്റൈൻ ആതിഥേയത്വം വഹിക്കും. വിദേശകാര്യ മന്ത്രിയും മനുഷ്യാവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര കാര്യ സമിതിയുടെ ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഫോറത്തിൽ പങ്കെടുക്കും. 'നൂതന ആശയങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും പ്രവർത്തനങ്ങളുടെ സുസ്ഥിരത ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തിലാണ് ഫോറം നടക്കുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങളെ പിന്തുണയ്ക്കാനും അവയുടെ സുസ്ഥിരത ഉറപ്പാക്കാനും, കുറ്റകൃത്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കും പുതിയ രീതികൾക്കും അനുസൃതമായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നത്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയുടെ ചെയർമാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നിബ്രാസ് മുഹമ്മദ് താലിബ്, മനുഷ്യക്കടത്ത് തടയുന്നതിന് ബഹ്റൈനും മേഖലയിലെ മറ്റ് രാജ്യങ്ങളും വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഊന്നിപ്പറഞ്ഞു. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അറിവുകൾ കൈമാറുന്നതിനുമുള്ള വാർഷിക വേദിയായി ഫോറം തുടരുന്നത്, അതിർത്തി കടന്നുള്ള കുറ്റകൃത്യത്തെ നേരിടുന്നതിലുള്ള വർധിച്ചുവരുന്ന ശ്രദ്ധയെയും കൈവരിച്ച പുരോഗതിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് താലിബ് പറഞ്ഞു. കുറ്റകൃത്യത്തെ നേരിടുന്നതിനും അതിന്റെ പ്രതിരോധത്തിനായി ശക്തമായ സ്ഥാപന- സാമൂഹിക സംസ്‌കാരം വളർത്തുന്നതിനുമുള്ള ദേശീയ- പ്രാദേശിക ശ്രമങ്ങളുടെ വിജയം വിളിച്ചോതുന്ന തരത്തിൽ, സ്വകാര്യ മേഖലയുടെ അഭൂതപൂർവമായ പങ്കാളിത്തം ഇത്തവണത്തെ ഫോറത്തിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സാഹചര്യങ്ങളും മനുഷ്യക്കടത്തിലെ പുതിയ പ്രവണതകളും വിശകലനം ചെയ്യുക, കുറ്റകൃത്യം തടയുന്നതിന് നൂതനമായ മാർഗങ്ങൾ വികസിപ്പിക്കുക, ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും മാറിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനുമായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുക എന്നിവയാണ് ഫോറത്തിലെ പ്രമേയങ്ങളും സെഷനുകളും ലക്ഷ്യമിടുന്നത്. ഫോറത്തോടനുബന്ധിച്ച് 'ഇൻസാൻ' (മനുഷ്യൻ) എന്ന പേരിൽ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനൊപ്പം, മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളിൽ കമ്പനികളുടെയും കലയുടെയും പങ്കിനെ എടുത്തുകാണിക്കുക കൂടി പ്രദർശനം ലക്ഷ്യമിടുന്നു. ജി.സി.സി. രാജ്യങ്ങളിലെ മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതികളുടെ തലവന്മാർ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കൂടാതെ യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ളവർ എന്നിവർ ഫോറത്തിൽ പങ്കെടുക്കുന്നു.
ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ച് 'ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ' 'യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം' എന്നിവയുടെ പ്രതിനിധികളും ഫോറത്തിൽ പങ്കെടുക്കും. 'മനുഷ്യക്കടത്ത് തടയുന്നതിൽ സാങ്കേതികവിദ്യയും നൂതന ആശയങ്ങളും: സമകാലിക വെല്ലുവിളികളും പ്രവണതകളും' എന്ന വിഷയത്തിൽ, യു.കെ. മുൻ പ്രധാനമന്ത്രിയും 'ഗ്ലോബൽ കമ്മീഷൻ ഓൺ ഹ്യൂമൻ ട്രാഫിക്കിങ്' ചെയർപേഴ്‌സണുമായ തെരേസ മേ നടത്തുന്ന വീഡിയോ പ്രഭാഷണം ഫോറത്തിന്റെ ഭാഗമായി ഉണ്ടാകും.
മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി പാനൽ ചർച്ചകൾ ഫോറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യക്കടത്ത് തടയുന്നതിലെ വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും' എന്നതാണ് ആദ്യ സെഷൻ. 'വാക്കുകളുടെ ശക്തി: മനുഷ്യക്കടത്ത് തടയുന്നതിൽ ആശയവിനിമയത്തിന്റെയും മാധ്യമങ്ങളുടെയും പങ്ക്' എന്നതാണ് രണ്ടാമത്തെ സെഷൻ.
'മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈന്റെ അനുഭവം: സുസ്ഥിരമായ പ്രതിബദ്ധതയും ഫലപ്രദമായ ദേശീയ സംരംഭങ്ങളും' എന്ന വിഷയമാണ് മൂന്നാമത്തെ സെഷനിൽ ചർച്ച ചെയ്യുന്നത്. തുടർന്ന് 'കുട്ടികളുടെ സംരക്ഷണം' എന്ന വിഷയത്തിൽ നാലാമത്തെ സെഷൻ നടക്കും. 'നൂതന ആശയങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് മികച്ച രീതികൾ കൈമാറ്റം ചെയ്യൽ (സാങ്കേതിക നടപടിക്രമങ്ങളും സംരംഭങ്ങളും)', 'ഗാർഹിക തൊഴിലാളികളുടെ സംരക്ഷണം- വെല്ലുവിളികളും നടപ്പാക്കാനുള്ള പരിഹാരങ്ങളും' എന്നീ വിഷയങ്ങളിലും അധിക ചർച്ചകൾ നടക്കും. മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈന്റെ അനുഭവങ്ങളും സ്വകാര്യമേഖലയുടെ പങ്കും എടുത്തുകാണിക്കുന്ന അവതരണങ്ങളും പരിപാടിയുടെ ഭാഗമായിരിക്കും. സ്വകാര്യമേഖലയിലെ പങ്കാളികളുടെ പിന്തുണയോടെയും സ്‌പോൺസർഷിപ്പോടെയുമാണ് ഫോറവും അനുബന്ധ പ്രദർശനവും സംഘടിപ്പിക്കുന്നത്.
Content Highlights: Bahrain hosts the 7th regional forum to combat human trafficking in the Middle East
Published: 09 Oct 2026, 02:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented