മനാമ: ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഉദ്ഘാടനം ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് എഡ്യൂക്കേഷണൽ ലൈസൻസിംഗ് അസി. അണ്ടർ സെക്രട്ടറി ഡോ. സന സയീദ് അബ്ദുല്ല അൽ ഹദ്ദാദ് നിർവഹിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൈൻ ബഹ്റൈനിലെ ചീഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫീസർ ഷെയ്ഖ് അബ്ദുല്ല ഖാലിദ് അൽ ഖലീഫ വിശിഷ്ട അതിഥിയായിരുന്നു.

To advertise here,

പുതുതായി സ്ഥാപിച്ച ഡിജിറ്റൽ ലേണിംഗ് സാങ്കേതികവിദ്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന സ്മാർട്ട് ക്ലാസ് റൂം സെഷന് സദസ് സാക്ഷ്യം വഹിച്ചു. ഡിജിറ്റൽ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യൻ സ്‌കൂൾ നടത്തുന്ന ശ്രമങ്ങളെ ഡോ. സന സയീദ് അബ്ദുള്ള അൽ ഹദ്ദാദ് പ്രശംസിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ധനകാര്യം, ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ അക്കാദമിക അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്മാർട്ട് ക്ലാസ്‌റൂം പദ്ധതിയുടെ പ്രാധാന്യം അധ്യക്ഷ പ്രസംഗത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്  എടുത്തുപറഞ്ഞു, സ്‌കൂൾ ഏറ്റെടുത്ത ഏറ്റവും അഭിലഷണീയമായ സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങളിലൊന്നാണിതെന്ന്  വിശേഷിപ്പിച്ചു. 400,000 ദിനാർ മുതൽമുടക്കിൽ നടപ്പിലാക്കിയ ഈ പദ്ധതി ഇസ ടൗൺ, റിഫ കാമ്പസുകളിലെ അധ്യാപന, പഠന അന്തരീക്ഷങ്ങളെ മാറ്റിമറിച്ചതായും ഏകദേശം 11,500 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ക്ലാസ് മുറികളെ നൂതന സ്മാർട്ട് പഠന ഇടങ്ങളാക്കി മാറ്റുന്നതിനായി സ്‌കൂളുമായി സഹകരിക്കുന്നതിൽ സൈൻ ബഹ്റൈൻ സന്തോഷിക്കുന്നുവെന്ന് അനുമോദന പ്രസംഗം നടത്തിയ ഷെയ്ഖ് അബ്ദുള്ള ഖാലിദ് അൽ ഖലീഫ പറഞ്ഞു. സ്‌കൂളിന്റെ അക്കാദമിക് മികവ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സൗരോർജ്ജ സംരംഭങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന ഒരു വീഡിയോ പരിപാടിയിൽ അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.

ഹായ്ക്വിഷൻ ബഹ്റൈൻ കൺട്രി മാനേജർ ഈസൺ സോങ്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക സീനിയർ പ്രോജക്ട് സെയിൽസ് മാനേജർ വിഘ്നേഷ് കുമാർ എസ്, യൂണിഡാറ്റ ജനറൽ മാനേജർ അരുൾദാസ് തോമസ്, ഐഎസ്ബി പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, മുൻ സെക്രട്ടറി സജി ആന്റണി, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ തോമസ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾ അറബി നൃത്തം അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിൽ നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് സ്മാർട്ട് ക്ലാസ്‌റൂം പ്രോജക്റ്റ്. ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും സ്ഥാപിച്ച അത്യാധുനിക സംവേദനാത്മക ഡിജിറ്റൽ സ്മാർട്ട്‌ബോർഡുകളും സമഗ്രമായ സിസിടിവി ശൃംഖലയും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.