മനാമ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്റെ 'സ്‌കൂൾ കണക്റ്റ് പ്രോഗ്രാമി'ൽ ഇന്ത്യൻ സ്‌കൂൾ പങ്കാളിയായി. വിദ്യാർഥികൾക്ക് വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ പരിചയപ്പെടാനും, ഉന്നത നിലവാരമുള്ള പഠന അവസരങ്ങൾ നേടാനും, പ്രമുഖ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനുമുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയിലെ സുപ്രധാന ചുവടുവയ്പ്പാണിത്. 'സ്‌കൂൾ കണക്റ്റ് പ്രോഗ്രാമി'ലൂടെ, ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഐ.ഐ.ടി. മദ്രാസിൽനിന്നുള്ള വിവിധ കോഴ്‌സുകൾ, അക്കാദമിക കാര്യങ്ങൾ, മെന്റർഷിപ്പ് അവസരങ്ങൾ, വിദഗ്ധ മാർഗനിർദ്ദേശം എന്നിവ ലഭ്യമാകും. 380-ലധികം വിദ്യാർഥികൾ ഇതിനകം തന്നെ ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ബഹ്റൈനിലെ സ്‌കൂൾ വിദ്യാഭ്യാസം തുടരുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഐ.ഐ.ടി. മദ്രാസിന്റെ അക്കാദമിക് സംവിധാനത്തിന്റെ പ്രയോജനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്നു എന്നതിനാൽ സംരംഭം ഏറെ പ്രാധാന്യമർഹിക്കുന്നു.

To advertise here,

സ്‌കൂൾ പാഠ്യപദ്ധതിക്ക് അനുപൂരകമായ മേഖലകളിൽ അറിവും നൈപുണ്യവും വികസിപ്പിക്കാനും, ഒപ്പം നൂതനാശയങ്ങൾ, വിമർശനാത്മക ചിന്ത, ഭാവിയിലേക്കുള്ള കാഴ്ചപ്പാട് എന്നിവ വളർത്താനും പദ്ധതി വിദ്യാർഥികൾക്ക് അവസരമൊരുക്കും. പരമ്പരാഗത ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് വിദ്യാഭ്യാസ അവസരങ്ങൾ വ്യാപിപ്പിക്കാനും, വിദ്യാർഥികളെ പ്രശസ്തമായ സ്ഥാപനങ്ങളുമായും ആഗോള അക്കാദമിക് പ്ലാറ്റ്ഫോമുകളുമായും ബന്ധിപ്പിക്കാനുമുള്ള സ്‌കൂളിന്റെ കാഴ്ചപ്പാടിനെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നു.

'അക്കാദമിക മികവും നൂതനത്വവും ലക്ഷ്യമാക്കിയുള്ള സ്‌കൂളിന്റെ തുടർച്ചയായ പരിശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഐ.ഐ.ടി. മദ്രാസുമായുള്ള പങ്കാളിത്തം. സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 'സ്‌കൂൾ കണക്റ്റ് പ്രോഗ്രാം' വഴി, വളർന്നുവരുന്ന പുതിയ പഠനമേഖലകളെക്കുറിച്ച് മനസിലാക്കാനും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നിൽനിന്ന് അറിവ് നേടാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. വിദ്യാർഥികളിൽനിന്ന് ലഭിക്കുന്ന ആവേശകരമായ പങ്കാളിത്തത്തിൽ അതിയായ സന്തോഷമുണ്ട്. പുതിയ സാധ്യതകൾ തേടാനും കൂടുതൽ ആത്മവിശ്വാസത്തോടെ തങ്ങളുടെ ലക്ഷ്യങ്ങൾ പിന്തുടരാനും കൂട്ടായ്മ അവരെ പ്രചോദിപ്പിക്കുമെന്ന് ഉറപ്പുണ്ട്. അർഥവത്തായ സഹകരണം സാധ്യമാക്കുന്നതിന് പിന്തുണയും മാർഗനിർദേശവും പ്രോത്സാഹനവും നൽകിയ എല്ലാവർക്കും ഇന്ത്യൻ സ്‌കൂൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു', സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു.