മനാമ: പരീക്ഷാക്കാലത്തെ സമ്മര്‍ദം തരണം ചെയ്യാനും വിജയകരമായി മുന്നേറാനുമുള്ള മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കുവയ്ക്കുന്നതിനായി ബഹ്‌റൈന്‍ പ്രതിഭ മനാമ മേഖല വനിതാ വേദിയുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് സെഷന്‍ 2025 സംഘടിപ്പിച്ചു. കൗണ്‍സിലിംഗ് കണ്‍സള്‍ട്ടന്റും സൈക്കോളജിസ്റ്റുമായ ഡോ.ജോണ്‍ പനക്കല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരീക്ഷാ സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍, സമയ നിയന്ത്രണം, ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍, ലക്ഷ്യങ്ങള്‍ നേടാനുള്ള തന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് ഡോ.പനക്കല്‍ വിശദമായി പ്രതിപാദിച്ചു. പ്രതിഭ സെന്ററിലെ പെരിയാര്‍ ഹാളില്‍ നടന്ന കൗണ്‍സലിംഗ്'പരിപാടിക്ക് മനാമ മേഖല വനിതാവേദി കണ്‍വീനര്‍ ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞു. മേഖല കമ്മിറ്റി അംഗം ഡോ.ഹേന മുരളി അധ്യക്ഷയായിരുന്നു. കേന്ദ്ര വനിതാ വേദി ജോയിന്റ് സെക്രട്ടറി സജിത സതീഷ്, മനാമ മേഖല വനിതാ വേദി ഇന്‍ചാര്‍ജ് സുജിത രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രതിഭ മനാമ മേഖല സെക്രട്ടറി നിരണ്‍ സുബ്രഹ്‌മണ്യന്‍, ഡോ.ജോണ്‍ പനക്കലിനെ മൊമെന്റോ നല്‍കി ആദരിച്ചു. വനിതാ വേദി എക്‌സിക്യൂട്ടീവ് അംഗം ജിന്‍ഷ ഷൈജു നന്ദി പ്രകാശിപ്പിച്ചു.

To advertise here,