
മനാമ: ബഹ്റൈൻ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ പങ്കാളികളാകാൻ തുടങ്ങിയിട്ട് 100 വർഷം തികയുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിലുണ്ടായ പരാമർശങ്ങളെ സ്വാഗതം ചെയ്ത് രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീകളുടെ നൂറ്റാണ്ടു തികഞ്ഞ പങ്കാളിത്തത്തെക്കുറിച്ച് എടുത്തുപറഞ്ഞത്
ബഹ്റൈനി സ്ത്രീകളുടെ പുരോഗതിക്കും മുന്നേറ്റത്തിനുമായി നൽകുന്ന പിന്തുണയ്ക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും പ്രിൻസസ് സബീക്ക നന്ദി അറിയിച്ചു. ദേശീയ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യവും സംഭാവനകളും ഉറപ്പാക്കുന്നതിൽ ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണം നിർണായകമാണെന്ന് അവർ പറഞ്ഞു.
സ്ത്രീ ശാക്തീകരണ രംഗത്ത് സുപ്രീം കൗൺസിൽ ഫോർ വിമൻ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രിസഭ അംഗീകരിച്ചതിൽ കൗൺസിലിനു വേണ്ടി അവർ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഈ രംഗത്ത് മുൻഗാമികൾ നൽകിയ സംഭാവനകൾ മറക്കാനാകാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
തീരുമാനങ്ങളെടുക്കുന്ന ഉന്നത തലങ്ങളിലും മുനിസിപ്പൽ കൗൺസിലുകളിലും സ്ത്രീ സാന്നിധ്യം ഉറപ്പാക്കാൻ വികസനാത്മകമായ നിയമനിർമ്മാണങ്ങൾ സഹായിച്ചിട്ടുണ്ട്. നൂറാം വാർഷിക വേളയിൽ മുനിസിപ്പൽ കാര്യ-കൃഷി മന്ത്രാലയം വനിതകളുടെ സംഭാവനകളെ എടുത്തു കാണിച്ചതിനെയും അവർ അഭിനന്ദിച്ചു.
ഈ ശതാബ്ദി ആഘോഷം ഭൂതകാലത്തിന്റെ അനുസ്മരണം മാത്രമല്ലെന്നും, ദേശീയ വികസനത്തിൽ വനിതകളുടെ പങ്കാളിത്തം വരുംതലമുറകൾക്ക് പ്രചോദനമായി നിലനിർത്താനുള്ള സന്ദേശമാണെന്നും പ്രിൻസസ് സബീക്ക വ്യക്തമാക്കി.
Published: 11 Nov 2026, 01:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented