തട്ടയിൽ : കവറിലാക്കിയ പാലും കപ്പിലാക്കിയ ഐസ്‌ക്രീമും പായ്ക്കറ്റുകളിലാക്കിയ പേടയും ഉത്പന്നങ്ങളുമെല്ലാം രുചിക്കാൻ മാത്രമല്ല എങ്ങിനെയുണ്ടാക്കുന്നെന്ന് നേരിൽ കാണാനുള്ള അവസരമാണ് മിൽമ ഒരുക്കിയിട്ടുള്ളത്.

To advertise here,

കാണാനും കൊതിതീരുംവരെ രുചിക്കാനുമുള്ള അവസരം കുട്ടികൾക്ക് ഉത്സവമായി. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളുമാണ് ദേശീയ ക്ഷീരദിനാചണത്തിന്റെ ഭാഗമായി പത്തനംതിട്ട മിൽമ ഡെയറിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചകൂടി മിൽമാ ഡെയറി സന്ദർശിക്കാം.

കാണാനെത്തിയ എല്ലാവരെയും സംഭാരവും പേടയും സിപ്അപ്പും നൽകിയാണ് അധികൃതർ വരവേറ്റത്. വിവിധതരം ഉത്പന്നങ്ങൾ, ഉപകരണങ്ങൾ, ഉത്പാദനരീതികൾ, പായ്ക്കിങ്, ജലശുദ്ധീകരണം തുടങ്ങി പ്ലാന്റിനുള്ളിൽ നടക്കുന്ന എല്ലാ പ്രവൃത്തികളും നേരിൽക്കണ്ട് മനസ്സിലാക്കാനുള്ള സുവർണാവസരമായിരുന്നു കുട്ടികൾക്ക് ലഭിച്ചത്.

ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ചെറുചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്. ഡെയറിയിലെത്തുന്ന എല്ലാവർക്കും ഡിസ്‌കൗണ്ട് നിരക്കിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി നടത്തിയ പെയിന്റിങ്, മിൽക്ക് ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വ്യാഴാഴ്ച വിതരണം ചെയ്യും.