ദേശീയസമ്മേളനം ഇന്ന് സമാപിക്കും
ബെംഗളൂരു : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നും തൊഴിലാളികളുടെ ഭാവി സുരക്ഷിതമാക്കണമെന്നും എ.ഐ.ടി.യു.സി.യുടെ 43-ാമത് ദേശീയസമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ വ്യവസായങ്ങളും സ്വകാര്യവത്കരിക്കുന്നത് ആശങ്കയുണ്ടാക്കുന്ന നടപടിയാണ്. സ്വകാര്യവത്കരണം രാജ്യത്തിനും തൊഴിലാളികൾക്കും ഭീഷണിയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ പണം ഉപയോഗിച്ച് ആധുനിക ഇന്ത്യയുടെ അടിത്തറപാകിയത് പൊതുമേഖലാ സ്ഥാപനങ്ങളാണ്.
രാജ്യത്തിന്റെ സ്വയംപര്യാപ്തത, അനുബന്ധ വ്യവസായങ്ങൾ വികസിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവ സ്ഥാപിക്കപ്പെട്ടത്. എന്നാൽ, ബി.ജെ.പി. സർക്കാർ ഓഹരിവിറ്റഴിക്കൽ, കോർപ്പറേറ്റ്വത്കരണം, നൂറുശതമാനം വിദേശനിക്ഷേപം സ്വീകരിക്കൽ തുടങ്ങിയ നടപടികളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നു. ബാങ്കുകൾ, റെയിൽവേ, ഓർഡനൻസ് ഫാക്ടറികൾ, ആണവോർജം, ബഹിരാകാശമേഖല എന്നിവ സ്വകാര്യവത്കരിക്കുന്നുവെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
ആധുനിക സാങ്കേതികവിദ്യയും സ്വയംഭരണാധികാരവും ഉറപ്പാക്കി സർക്കാർ മേഖലയെയും പൊതുമേഖലയെയും ശക്തിപ്പെടുത്തുക, സർക്കാർ മേഖലയിലെ 12 ലക്ഷത്തിലധികം ഒഴിവുകളും പൊതുമേഖലയിലെ ആറുലക്ഷം ഒഴിവുകളും നികത്തുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദേശീയ ആസ്തി പണമാക്കൽ പദ്ധതി റദ്ദാക്കുക, പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, 41 ഓർഡനൻസ് ഫാക്ടറികളെയും പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സർക്കാർ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലുന്നയിച്ചു.
ശാസ്ത്രീയമായി കുറഞ്ഞ വേതനം നിശ്ചയിക്കുന്നതുസംബന്ധിച്ച് നടത്തിയ സെമിനാർ ഗവേഷകൻ ദിവൻ നാഗ്പാൽ നയിച്ചു. സമാപനദിവസമായ വ്യാഴാഴ്ച റിപ്പോർട്ടുകൾ അംഗീകരിക്കൽ, കണക്കവതരണം, ജനറൽ സെക്രട്ടറിയുടെ മറുപടി, ജനറൽ കൗൺസിൽ, വർക്കിങ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
Published: 26 Nov 2026, 12:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented