തിരുവല്ല : താലൂക്കിലെ ഭരണസിരാകേന്ദ്രമായ റവന്യൂ ടവറിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന പണികൾക്ക് തുടക്കം. പുതിയ ലിഫ്റ്റ് സ്ഥാപിക്കൽ, പാർക്കിങ് ഏരിയ വിപുലീകരണം, മാലിന്യ സംസ്കരണം, സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കൽ, പ്രവേശന കവാടത്തിൽ ഭിന്നശേഷിക്കാർക്കുള്ള റാമ്പ് തുടങ്ങിയവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ടവറിൽ, റിട്രോഫിറ്റിങ് ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാനേജ്മെന്റ് കമ്മിറ്റി മേൽനോട്ടം വഹിക്കും.
ലിഫ്റ്റ് ഉപകരണങ്ങൾ എത്തി
താലൂക്ക് ഓഫീസ് അടക്കം ഇരുപതോളം സർക്കാർ കാര്യാലയങ്ങളുള്ള റവന്യൂ ടവറിൽ പ്രവർത്തനക്ഷമമായ ഒരു ലിഫ്റ്റ് മാത്രമാണുള്ളത്. പലവട്ടം പ്രവർത്തനരഹിതമായതിനാൽ ഈ ലിഫ്റ്റും പൂർണ ഉപയോഗപ്രദമല്ല. പുതിയ ലിഫ്റ്റ് വേണമെന്ന ആവശ്യം ഇത്തവണ സാക്ഷാത്കരിക്കപ്പെടും. ലിഫ്റ്റിന്റെ ഉപകരണങ്ങൾ ടവറിൽ എത്തി. ലിഫ്റ്റ് സ്ഥാപിക്കൽ ഡിസംബർ 14-ന് അകം പൂർത്തീകരിക്കും.
24-നാണ് കമ്മിഷനിങ് നിശ്ചയിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ നവീകരിക്കും. കേടുപാടുകൾ സംഭവിച്ച ശൗചാലയങ്ങളിലെ 30 വാതിലുകൾ മാറ്റി സ്ഥാപിക്കും. പി.വി.സി. ടാപ്പുകൾ, വാൽവുകൾ എന്നിവയും മാറ്റും. കെട്ടിടത്തിൽ കേടുപാടുളള ഭാഗത്ത് പ്ലാസ്റ്ററിങ് നടത്തും. പാർക്കിങ് ഏരിയായിൽ കൂടുതലിടത്ത് കൊരുപ്പ്കട്ടകൾ ഇടും. പോലീസ് സ്റ്റേഷനോട് അതിർത്തി പങ്കിടുന്ന ഭാഗത്ത് കൊരുപ്പ്കട്ട വിരിക്കും. ഇവിടെ അപകടകരമായ മരങ്ങളുടെ ശിഖരം നീക്കാൻ തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പമ്പ് ഹൗസിന് സമീപം പിൻവശത്തെ ഗേറ്റിനോട് ചേര്‍ന്ന് വേസ്റ്റ് കളക്ഷൻ ഷെഡ് പണിയും.
ജലസംഭരണിയിൽ സ്റ്റാൻഡ്ബൈ പമ്പ് സ്ഥാപിക്കും. കഴിഞ്ഞദിവസം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ മാനേജ്മെന്റ് കമ്മിറ്റികൂടി വിലയിരുത്തൽ നടത്തി. റവന്യൂ ടവർ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എം.ബി. നൈനാൻ അധ്യക്ഷത വഹിച്ചു.
Published: 25 Nov 2026, 01:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented