സീതത്തോട്‌ : കട്ടച്ചിറ- കുടപ്പനക്കുളത്ത്‌ ഉപയോഗശൂന്യമായി കിടക്കുന്ന പന്നി ഫാമിന്റെ മാലിന്യസംസ്കരണ പ്ലാന്റിൽ വീണ കാട്ടുപോത്തിനെ വനപാലകർ രക്ഷിച്ചു. വനത്തിലേക്ക്‌ വിട്ട കാട്ടുപോത്തിന്റെ കാലിന്‌ പരിക്കുള്ളതായി സൂചനയുണ്ട്‌. വെള്ളിയാഴ്ച രാത്രിയോടെയാണ്‌ കാട്ടുപോത്ത്‌ സ്വകാര്യ വ്യക്തിയുടെ മാലിന്യ സംസ്കരണ ടാങ്കിൽ വീണുകിടക്കുന്നത്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. വനപാലകരെ അറിയിച്ചതോടെയാണ്‌ രക്ഷിക്കാൻ നടപടിയുണ്ടായത്‌.

To advertise here,

ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വടശ്ശേരിക്കര ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസറുടെയും റാന്നി ആർ.ആർ.ടി.യുടെയും തണ്ണിത്തോട്‌ സ്റ്റേഷനിൽ നിന്നുള്ള വനപാലകരുടെയും നേതൃത്വത്തിലുള്ള സംഘം മണ്ണുമാന്തിയന്ത്രം എത്തിച്ച്‌ മാലിന്യപ്ലാന്റിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി വഴിയൊരുക്കി. ഇതോടെ കാട്ടുപോത്ത്‌ തനിയെ പുറത്തുകടന്നു.

കാട്ടുപോത്തിന്റെ കാലിന്‌ പരിക്കുള്ളതായി സൂചനയുണ്ട്‌. ഇതിന്‌ സാധാരണ കാട്ടുപോത്തിനെപ്പോലെ ഓടാൻ കഴിയുന്നില്ല. വീഴ്‌ചയുടെ ആഘാതത്തിൽ പരിക്ക്‌ പറ്റിയതാണോയെന്നും സംശയിക്കുന്നുണ്ട്‌. പത്ത്‌ വയസ്സ്‌ വരുമെന്നാണ്‌ വനപാലകരുടെ നിഗമനം. പ്ലാന്റിന്‌ പുറത്തുകടന്ന കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക്‌ കയറ്റിവിടാൻ കഴിഞ്ഞു. എങ്കിലും പ്രദേശത്ത്‌ ഏതാനും ദിവസംകൂടി നിരീക്ഷണം നടത്തുമെന്ന്‌ വനപാലകർ അറിയിച്ചു.

മണിയാർ, കട്ടച്ചിറ, കുടപ്പനക്കുളം ജനവാസ മേഖലകളിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്‌. പകൽപോലും ഇവിടെ വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ്‌. വലിയതോതിൽ കൃഷിയുണ്ടായിരുന്ന ഈ മേഖലകളിലെല്ലാം കൃഷി അവസാനിച്ചുകൊണ്ടിരിക്കുകയാണ്‌. ഒപ്പം ജനങ്ങളും ഇവിടെനിന്ന്‌ കുടിയൊഴിഞ്ഞ്‌ പോകുകയാണ്‌.

ഈ വനമേഖലയുടെ സമീപസ്ഥലമായ വടശ്ശേരിക്കര ടൗണിനോടുചേർന്ന്‌ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയതും വലിയ ഭീതിപരത്തിയിരുന്നു.