റാന്നി : റാന്നി പള്ളിയോട നിർമാണത്തിനായുള്ള വൃക്ഷപൂജ നടന്നു. തമ്പലക്കാട്ടാണ് ഇതിനാവശ്യമായ വൃക്ഷം കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കുശേഷമാണ് മരം മുറിച്ചെടുക്കുന്ന ജോലികൾ തുടങ്ങിയത്. ശനിയാഴ്ച അവിടെനിന്നും ഘോഷയാത്രയായി റാന്നിയിലെത്തിക്കും.
വെള്ളിയാഴ്ച രാവിലെയാണ് പൂജകൾ നടന്നത്. ആദ്യം വൃക്ഷത്തിൽ അധിവസിച്ചിരുന്ന ദേവതകളുടെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളുടെയും അനുമതി തേടി. തുടർന്ന് പകരം മരങ്ങൾ നട്ടു. ആറന്മുള ക്ഷേത്രത്തിൽനിന്ന് പൂജിച്ചുകൊണ്ടുവന്ന മഞ്ഞ ഉടയാട വൃക്ഷത്തിൽ ചാർത്തി. മുഹൂർത്തസമയത്ത് മരം മുറിക്കലിന് തുടക്കമിട്ടു. ശനിയാഴ്ച രാവിലെ 10-ന് ഘോഷയാത്ര അവിടെനിന്നും പുറപ്പെടും. ചിറക്കടവ്, ചെറുവള്ളി, മണിമല ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം റാന്നിയുടെ അതിർത്തിയായ പ്ലാച്ചേരിയിൽ എത്തും. അവിടെനിന്നും ഭഗവതികുന്ന് ക്ഷേത്രോപദേശകസമിതി, പള്ളിയോട സമിതി,തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ സ്വീകരിച്ച് ആനയിക്കും.
വിവിധ സംഘടനകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മക്കപ്പുഴ, മന്ദമരുതി, ചെല്ലയ്ക്കാട്, ഇട്ടിയപ്പാറ, മാമുക്ക് വഴി രാമപുരം ക്ഷേത്രത്തിൽ എത്തും. അവിടെനിന്നും ഇട്ടിയപ്പാറ,ഭഗവതികുന്ന് വഴി മങ്കുഴിപ്പടിയിലെ മാലിപ്പുരയിലെത്തും.
പഴവങ്ങാടിക്കര എൻ.എസ്.എസ്. കരയോഗവും അവിട്ടം ജലോത്സവസമിതിയും ചേർന്ന് രൂപവത്കരിച്ച പള്ളിയോട സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങുകൾക്ക് സമിതി ചെയർമാൻ റിങ്കു ചെറിയാൻ, ജനറൽ കൺവീനർ അഡ്വ.ഷൈൻ ജി.കുറുപ്പ്, കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണക്കുറുപ്പ്, സെക്രട്ടറി പി.കെ. മോഹനൻ നായർ, പള്ളിയോട പ്രതിനിധി വി.പി. സോമശേഖരൻനായർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.ജി. വേണുഗോപാൽ, സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Published: 21 Nov 2026, 02:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented