പത്തനംതിട്ട : ജില്ലയെ പരിപൂർണ സാക്ഷരതയിലേക്ക് നയിക്കാൻ ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അക്ഷരപൂർണിമ പദ്ധതിക്ക് തുടക്കമായി. 2011-ലെ സെൻസസ് പ്രകാരം ജില്ലയിലെ സാക്ഷരതാ നിരക്ക് 96.93 ശതമാനമായിരുന്നു. 2023-24ലെ കേന്ദ്രസർക്കാർ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം ഇത് 97.44 ശതമാനമായി ഉയർന്നിട്ടുണ്ട്.
കിടപ്പുരോഗികൾ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കാഴ്ചപരിമിതിയുള്ളവർ, അബോധാവസ്ഥയിലുള്ളവർ തുടങ്ങിയവരെ ഒഴിവാക്കി ജില്ലയിൽ പരിപൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവംബർ 25-നകം ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത്, നഗരസഭാതലങ്ങളിൽ സംഘാടകസമിതികൾ രൂപവത്കരിക്കും. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനുള്ള വിവരശേഖരണം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നവംബർ 30-നകം പൂർത്തിയാക്കും. ഡിസംബർ ഒന്നിന് ജില്ലാതല ഉദ്ഘാടനവും ഡിസംബർ രണ്ടിനും അഞ്ചിനും ഇടയിൽ പഞ്ചായത്ത്, നഗരസഭാതല ഉദ്ഘാടനങ്ങളും നടക്കും.
പദ്ധതിയുടെ ഭാഗമായി പഠിതാക്കൾക്ക് സാക്ഷരതാ പാഠപുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യും. നിരക്ഷരരെ പഠിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന സന്നദ്ധ അധ്യാപകർക്ക് പരിശീലനവും നൽകും. മാർച്ച് ഒന്നിന് മികവുത്സവം നടത്തും. പഞ്ചായത്ത്, നഗരസഭാതല പരിപൂർണ സാക്ഷരതാ പ്രഖ്യാപനം മാർച്ച് അഞ്ചിനും 15-നും ഇടയിലും ബ്ലോക്ക്തല പ്രഖ്യാപനം മാർച്ച് 16-നും 20-നും ഇടയിലും ജില്ലാതല പ്രഖ്യാപനം മാർച്ച് 25-നും നടത്താനാണ് തീരുമാനം.
പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നിവ ഫണ്ട് നീക്കിവെയ്ക്കും. പദ്ധതിയിലൂടെ സാക്ഷരതാ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് നാലാം, ഏഴാം, പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിൽ തുടർപഠനത്തിന് അവസരം ലഭിക്കും.
പദ്ധതിയുടെ ആസൂത്രണ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു.
അക്ഷരപൂർണിമയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോഡിനേറ്റർ പി. പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ, പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, സാക്ഷരതാമിഷൻ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ ആർ. സിംല എന്നിവർ പ്രസംഗിച്ചു.
Published: 21 Nov 2026, 02:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented