കവിയൂർ : കെ.എൻ.എം. ഗവ. ഹൈസ്‌കൂളിലെ കളിക്കളം കുട്ടികൾക്ക് കാഴ്ചവസ്തു. സ്‌കൂളിനോട് ചേർന്നാണ് അരയേക്കറിനുമുകളിൽ വിസ്തൃതിയിൽ മൈതാനമുള്ളത്. കുട്ടികൾക്കിത് നോക്കിനിൽക്കാം എന്നല്ലാതെ ഓടിച്ചാടി കളിക്കാൻ കഴിയില്ല.

To advertise here,

മഴയത്ത് ഇതിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതൊഴിവാക്കാൻ മണ്ണിട്ട് ഉയർത്താനുള്ള പദ്ധതിക്ക്‌ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നിട്ടും, കരാറുകാരൻ പണിയുന്നില്ല.

ഒറ്റ മഴപെയ്താൽ മതി ഇതിനകം വെള്ളക്കെട്ടാകുന്നനിലയാണ്. വെയിലത്ത് കളിക്കാൻ ഇറങ്ങിയാൽ കാൽപ്പാദം ചെളിയിൽ പുതയും. അതിനാൽ കുട്ടികളെ കളിക്കാൻ വിടാൻ അധ്യാപകർക്ക് പേടിയാണ്.

അനുവദിച്ചത് 25 ലക്ഷം

:മൈതാനം മണ്ണിട്ട് ഉയർത്തുക. ചുറ്റുമതിലിന്റെ ഇടിഞ്ഞുകിടക്കുന്ന ഭാഗങ്ങൾ കെട്ടുക. മതിലിന് മുകളിൽ കമ്പിവലയിട്ട് സുരക്ഷിതമാക്കുക. ഇത്രയും പണികളാണ് നടത്തേണ്ടിയിരുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇതിനായി 25 ലക്ഷം രൂപ അനുവദിച്ചതുമാണ്. 2026 മാർച്ചിന് മുന്നേ തീരേണ്ട പ്രവൃത്തികളായിരുന്നു. പക്ഷേ, കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരിഞ്ഞെടുപ്പിനുമുന്നേ ആഘോഷമായി നിർമാണ ഉദ്ഘാടനം നടത്തിയതല്ലാതെ പണികളൊന്നും നടന്നില്ല.

അതിനാൽ ഇത്തവണ സ്പിൽഓവർ പ്രവൃത്തികളുടെ കൂട്ടത്തിലിതുവന്നു. ഇക്കുറി സ്‌കൂൾ തുറക്കുന്നിനുമുന്നേ പ്രവൃത്തികൾ തുടങ്ങുമെന്നാണ് സ്‌കൂൾ അധികൃതർ കരുതിയിരുന്നത്. അതൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

കവിയൂർ-ചങ്ങനാശ്ശേരി പാതയേട് ചേർന്നാണ് സ്‌കൂൾ മൈതാനം. അതിനാൽ കുട്ടികൾ കളിക്കിടെ പന്തടിച്ചാൽ മിക്കപ്പോഴും റോഡിലേക്കുപോകും. അതുകൊണ്ടിത് കമ്പിവലയിട്ട് സുരക്ഷ ഒരുക്കണം.