സി.പി.എം. അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്; സി.പി.ഐ.യും സമരം കടുപ്പിക്കുന്നു

To advertise here,

അടൂർ : പോലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ആളിക്കത്തിയതോടെ അടൂരിൽ രാഷ്ട്രീയ സംഘർഷാവസ്ഥ രൂക്ഷമാകുന്നു. ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയും രാഹുൽ മാങ്കൂട്ടത്തിലുമുൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.എം., സി.പി.ഐ. കക്ഷികൾ രംഗത്തെത്തിയതോടെ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യുട്യൂബർ രാജൻ ജോസഫിനെ മർദിച്ച സംഭവത്തിൽ കേസെടുക്കണമെന്നും പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്.നവംബർ ഒൻപതുമുതൽ അടൂരിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനാണ് സി.പി.എം. തീരുമാനം. വിഷയത്തിൽ ആവശ്യമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് പാർട്ടിയുടെ തീരുമാനം. സത്യാഗ്രഹത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11-ന് നടക്കുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച ജില്ലാപഞ്ചായത്തംഗത്തിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുമെതിരേ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സി.പി.ഐ. അടൂർ മണ്ഡലം സെക്രട്ടറി കെ.ആർ. ശങ്കരനാരായണൻ പറഞ്ഞു.പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി എ.ഐ.വൈ.എഫ്. അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തി. ജില്ലാസെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഹേഷ് മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഹാസ് എം. ഹനീഫ്, മണ്ഡലം സെക്രട്ടറി എം. മനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഞ്ജലി വിജയൻ, അജിത്ത് ശാന്തകുമാർ, സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം സന്തോഷ് പാപ്പച്ചൻ, എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ശരത് ലാൽ, ശ്രീകുമാർ, വിഷ്ണു വിജയൻ എന്നിവർ പങ്കെടുത്തു.

സാമൂഹിക മാധ്യമങ്ങളിൽ വാക്പോര്

:ഒക്ടോബർ പത്തിന് അടൂരിലുണ്ടായ ഡി.വൈ.എഫ്.ഐ.-യൂത്ത് കോൺഗ്രസ് സംഘർഷത്തെത്തുടർന്ന് താത്കാലികമായി അയവുവന്ന രാഷ്ട്രീയ പോർവിളികൾ വീണ്ടും സജീവമാകുകയാണ്. സംഘർഷത്തിനുശേഷം ഒരാഴ്ചയോളം സാമൂഹികമാധ്യമങ്ങളിലൂടെ ഇരുവിഭാഗങ്ങളും പരസ്പരം അധിക്ഷേപിക്കുകയും വെല്ലുവിളികൾ നടത്തുകയും ചെയ്തിരുന്നു. പിന്നീട് സ്ഥിതിഗതികൾ ശാന്തമായിവരുന്നതിനിടെയാണ് ജൂലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ അതിക്രമം വീണ്ടും വിവാദമായത്.ഇതോടെ സമൂഹമാധ്യമങ്ങളിലെ തർക്കങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും വീണ്ടും ശക്തിപ്പെട്ടു. പരസ്പരമുള്ള ആരോപണങ്ങളും പോർവിളികളും വിവിധ സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. രാഷ്ട്രീയ തർക്കം ഓൺലൈൻ ഇടങ്ങളിലേക്കും വ്യാപിക്കുന്നത് പോലീസിനും വലിയ വെല്ലുവിളിയാകുന്നു.തെരുവിലെ പ്രതിഷേധങ്ങളും അനിശ്ചിതകാല സമരപ്രഖ്യാപനങ്ങളും മറുവശത്ത് സമൂഹമാധ്യമങ്ങളിലെ വാക്പോരും തുടരുന്നതോടെ അടൂരിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കലുഷിതമാകുകയാണ്.