മാരാമൺ : കോഴഞ്ചേരി പുതിയപാലത്തിന്റെ പ്രവർത്തികളെല്ലാം പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ വേണ്ടിയാണ് കാത്തിരിപ്പ് നീളുന്നത്. മന്ത്രിയുടെ തീരുമാനം വന്നാലുടൻ ഉദ്ഘാടനം നടത്താനാണ് തീരുമാനം. ടി.കെ. റോഡ് പുനരുദ്ധാരണത്തിന്റെ ഉദ്ഘാടനവും കൂട്ടത്തിൽ നടക്കാനിടയിലുള്ളതുകൊണ്ട് നവംബർ പകുതിക്ക് നടക്കാനാണ് സാധ്യത. ചെട്ടിമുക്ക് മുതൽ കോഴഞ്ചേരി പാലം വരെ റോഡ് പ്രവർത്തികൾ പൂർത്തീകരിക്കാനുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.
കഴിഞ്ഞദിവസം പാലത്തിലെയും സമീപനപാതകളിലെയും റോഡ് വശങ്ങളുടെയും പാലത്തിലേക്കുള്ള സമീപന പാതകളിലേയും സീബ്രാ ലൈനുകളുടെയും മാർക്കിങ് കഴിഞ്ഞിരുന്നു. പാലത്തിലും പാലത്തിന് ഇരുവശവും സൂചനാ ബോർഡുകൾ കഴിഞ്ഞാഴ്ച സ്ഥാപിച്ചിരുന്നു. പാലത്തിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. വൺവേ സൂചിപ്പിക്കുന്ന സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ലൈറ്റുകൾ സ്ഥാപിക്കും
ഇനി പാലത്തിൽ ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തി മാത്രമാണ് ബാക്കിയുള്ളത്. ഇതുകാരണം പാലം ഉദ്ഘാടനം വൈകില്ല. പാലം നിർമാണ പദ്ധതിയിൽ ഇല്ലാത്ത വൈദ്യുതികരണത്തിന് അബിൻ വർക്കി എം.എൽ.എ. ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴഞ്ചേരി ഭാഗത്ത് പാലത്തിന്റെ തുടക്കത്തിൽ ബസ് ബേ നിർമിക്കും. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന് മുമ്പിൽ മീഡിയൻ നിർമിക്കും. രണ്ടുറോഡുകളും കൂടിച്ചേരുന്ന തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ മുൻപിൽ സ്പീഡ് ബ്രേക്കിങ് സ്ട്രിപ്പുകൾ സ്ഥാപിക്കും.
പുതിയപാലം തുറന്നുകൊടുക്കുന്നതോടെ ടൗണിലെ ഗതാഗത സംവിധാനത്തിലും ചെറിയ മാറ്റം വരും.
ഗതാഗത പരിഷ്കരണ കമ്മിറ്റി രൂപവത്കരിച്ചില്ല
തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർ ഇതുവരെ ഗതാഗത പരിഷ്കരണ കമ്മിറ്റി രൂപവത്കരിച്ചിട്ടില്ല. കമ്മിറ്റി എത്രയും പെട്ടെന്ന് രൂപവത്കരിക്കണമെന്നും യോഗംകൂടണമെന്നും ആവശ്യപ്പെട്ട് കളക്ടറേറ്റിൽനിന്ന് അറിയിപ്പ് വന്നിട്ടും മെല്ലെപ്പോക്ക് തുടരുന്നു. നെടുംപ്രയാർ ജങ്ഷൻ, പഞ്ചായത്ത് ഓഫീസിന് മുൻവശം, ചെട്ടിമുക്ക് എന്നിവിടങ്ങളിലെ ഗതാഗതം തോന്നുംപടിയാണ്. ബസ് സ്റ്റോപ്പുകൾ നിർണയിച്ചിട്ടില്ല.
ഈ ഭാഗങ്ങളിൽ ഒന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിലവിൽ ഇല്ല. ചെട്ടിമുക്കിൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് മാസങ്ങളായി പുനർ നിർമിച്ചിട്ടില്ല. പുതിയപാലം തുറക്കുന്നതോടെ സ്ഥിതി ഒന്നുകൂടി ഗുരുതരമാകും.
Published: 03 Nov 2026, 12:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented