റോഡുകളിൽ 17 പമ്പിങ് സ്റ്റേഷനുകളും 800 കൾവർട്ടുകളും സജ്ജം
അണക്കെട്ടുകളിലും താഴ്വരകളിലും 24 മണിക്കൂറും സ്മാർട്ട് നിരീക്ഷണം
വെള്ളക്കെട്ടുകൾ ഉടൻ ഒഴിവാക്കാൻ പ്രത്യേക ഫീൽഡ് ടീമുകൾ രംഗത്ത്
ദുബായ് : വരുന്ന മഴക്കാലത്തിന് മുന്നോടിയായി രാജ്യത്തെ ഫെഡറൽ റോഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വൻ പ്രളയ പ്രതിരോധ നടപടികളുമായി യു.എ.ഇ. ഊർജ-അടിസ്ഥാനസൗകര്യ മന്ത്രാലയം. ഏത് മോശം കാലാവസ്ഥയിലും റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഡ്രെയ്നേജ് ശൃംഖലകളുടെ അറ്റകുറ്റപ്പണികളും പമ്പിങ് സ്റ്റേഷനുകളുടെ പരിശോധനയും പൂർത്തിയാക്കി കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 17 വൻകിട പമ്പിങ് സ്റ്റേഷനുകളുടെയും 800 ഡ്രെയ്നേജ് കൾവർട്ടുകളുടെയും പ്രവർത്തനക്ഷമത മന്ത്രാലയം നേരിട്ട് വിലയിരുത്തി. വാദികളും (പർവത താഴ്വരകൾ) ഫെഡറൽ റോഡുകളും കൂട്ടിമുട്ടുന്ന ജലപാതകളിലെ തടസ്സങ്ങൾ നീക്കുകയും വെള്ളക്കെട്ടുകളുണ്ടായാൽ അടിയന്തരമായി നീക്കംചെയ്യാനായി പ്രത്യേക യന്ത്രസാമഗ്രികളുമായി വിദഗ്ധ ഫീൽഡ് ടീമുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പാലങ്ങളുടെയും ഡിസ്ചാർജ് ഗേറ്റുകളുടെയും ഘടനാപരമായ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അടഞ്ഞുകിടക്കുന്ന മാലിന്യവും അവശിഷ്ടങ്ങളും പൂർണമായി നീക്കംചെയ്യുകയും ചെയ്തു.
ഡാമുകളിലും കനാലുകളിലും വെള്ളത്തിന്റെ അളവും ഒഴുക്കിന്റെ വേഗവും തത്സമയം അളക്കുന്നതിനായി അത്യാധുനിക ക്യാമറകളും സെൻസറുകളും അടങ്ങിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്മാർട്ട് നിരീക്ഷണ സംവിധാനമാണ് മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. പ്രളയസാധ്യത മുൻകൂട്ടി കണ്ടെത്തി കേന്ദ്ര കൺട്രോൾ റൂമിലേക്കും മറ്റ് ദേശീയ ദുരന്തനിവാരണ ഏജൻസികളിലേക്കും തത്സമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. പ്രാദേശിക, ഫെഡറൽ പങ്കാളികളുമായി സഹകരിച്ച് അടിയന്തര രക്ഷാപ്രവർത്തന പദ്ധതികൾ മന്ത്രാലയം സമഗ്രമായി അവലോകനം ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും അത്യാവശ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ പ്രാഥമിക പരിഗണനയെന്ന് ഊർജ-അടിസ്ഥാനസൗകര്യ മന്ത്രാലയ അണ്ടർസെക്രട്ടറി എൻജി. മുഹമ്മദ് അൽ മൻസൂരി പ്രസ്താവിച്ചു. മുൻകൂട്ടിയുള്ള ജാഗ്രതാ നടപടികളിലൂടെയും സ്മാർട്ട് സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെയും ഏത് പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്യാൻ യു.എ.ഇ.യുടെ അടിസ്ഥാനസൗകര്യ മേഖല പൂർണസജ്ജമാണെന്നും, മാറുന്ന കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാൻ തക്കവണ്ണമാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Published: 23 Oct 2026, 01:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented