ഷാർജ : മാലിന്യ സംസ്കരണത്തിലും സർക്കുലർ സമ്പദ്വ്യവസ്ഥയിലും സഹകരണം ശക്തമാക്കാനൊരുങ്ങി ബീആയും ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്മെന്റും (ഇക്തിഫ). സുസ്ഥിര മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനും മാലിന്യ ശേഖരണത്തിലും അവ വേർതിരിച്ചെടുക്കുന്നതിലും പരിസ്ഥിതി സൗഹൃദരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സഹകരണക്കരാർ ഒപ്പിട്ടു.
ഷാർജയിലെ ബീആ ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങിൽ ഇക്തിഫ സി.ഇ.ഒ. ഡോ. എൻജിനിയർ ഖലീഫ മുസബ അൽ തുനൈജിയും ബീആ ഗ്രൂപ്പ് സി.ഇ.ഒ.യും വൈസ് ചെയർമാനുമായ ഖാലിദ് അൽ ഹുറൈമിലും ചേർന്നാണ് പങ്കാളിത്ത കരാർ ഒപ്പിട്ടത്. കൂടുതൽ സംയോജിതവും സുസ്ഥിരവുമായ കാർഷിക-മൃഗസംരക്ഷണ സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാറെന്ന് ഡോ. എൻജിനിയർ അൽ തുനൈജി പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും കരാർ ഫലപ്രദമാകും. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്താനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സഹകരണം മുതൽകൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷാർജയിലെ കാർഷിക, മൃഗസംരക്ഷണ മേഖലകളിൽ സുസ്ഥിര മാലിന്യ സംസ്കരണ രീതികൾ നടപ്പാക്കാൻ പുതിയ പങ്കാളിത്തം പ്രയോജനപ്പെടുത്തുമെന്ന് ബീആയിലെ സസ്റ്റൈനബിലിറ്റി സി.ഇ.ഒ. ഫഹദ് അൽ ഷെഹൈൽ പറഞ്ഞു. കരാർ പ്രകാരം നിർദിഷ്ട സ്ഥലങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഇക്തിഫ നേതൃത്വം നൽകും. പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി മാലിന്യം വേർതിരിക്കുകയും ചെയ്യും.
മെലീഹയിലെ അംഗീകൃത ശേഖരണ കേന്ദ്രങ്ങളിൽനിന്ന് ബീആയുടെ മേൽനോട്ടത്തിൽ മാലിന്യം നീക്കംചെയ്യും. പൂർണമായും പാരിസ്ഥിതിക, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവ പ്രവർത്തിക്കുക. മാലിന്യം ശേഖരിക്കുമ്പോഴോ അവ വാഹനത്തിൽ കൊണ്ടുപോകുമ്പോഴോ പുറത്തേക്ക് ഒഴുകുന്നത് തടയാനും ദുർഗന്ധം ഒഴിവാക്കാനും ആവശ്യമായ നടപടികളും ബീആ സ്വീകരിക്കും. ശുചിത്വ നിലവാരം ഉറപ്പാക്കുന്നതിന് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മാലിന്യ സംഭരണികൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
Published: 23 Oct 2026, 01:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented