അടൂർ : ശിലായുഗത്തിലെ ഗുഹാചിത്രങ്ങൾമുതൽ കേരളത്തിന്റെ തനത് കലാരൂപങ്ങൾവരെ. ചരിത്രത്തിന്റെ ഏടുകൾ നിറങ്ങളാൽ കോർത്തിണക്കിയ ഒരു ചുവർ. പാഠപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ ചരിത്രം കൺമുൻപിൽ തെളിയുമ്പോൾ പഠനവും കൗതുകവും ഒരുപോലെ. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികപൈതൃകത്തെ വർണവിസ്മയമാക്കി മാറ്റിയിരിക്കുകയാണ് അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർഥികൾ.

To advertise here,

സ്കൂൾമൈതാനത്തിനരികിലെ ചുവരിലാണ് ചിത്രമതിൽ ഒരുക്കിയിരിക്കുന്നത്. ശിലായുഗത്തിലെ ഗുഹാചിത്രങ്ങൾ‌, മൺപാത്രങ്ങൾ, വെങ്കലശില്പങ്ങൾ, കേരളത്തിന്റെ തനത് കലാരൂപങ്ങളായ തോൽപ്പാവക്കൂത്തും കെട്ടുകാളകളുംവരെ ചിത്രങ്ങളിൽ ഇടംപിടിക്കുന്നു.

 

പാഠപുസ്തകത്തിൽനിന്ന് ചുവരിലേക്ക്

ചരിത്രം വായിച്ചുപഠിക്കുന്നതിനപ്പുറം, കലയിലൂടെ കണ്ടും വരച്ചും അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.കലയും സാമൂഹിക ശാസ്ത്രവും സമന്വയിപ്പിച്ച ഈ സംരംഭം വിദ്യാലയത്തിന്റെ പരിസരത്തിനും ഭംഗി പകരുന്നു.

ആറാംക്ലാസ് വിദ്യാർഥികളെ പങ്കാളികളാക്കി ചിത്രകലാധ്യാപകൻ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പ്രിൻസിപ്പൽ എൻ. രാകേഷ് നേതൃത്വം നൽകി.