റാന്നി : സമരങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായി വെച്ചൂച്ചിറ ടൗണിൽ റോഡ് ടാറിങ് പൂർണമായി നടത്തി. പകുതിഭാഗം മാത്രം ടാറിങ് നടത്തി എട്ട് മാസങ്ങൾക്ക് മുമ്പ് മുടങ്ങിയ പണികളാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
ശനി, ഞായർ ദിവസങ്ങളിൽ രാത്രിയിലാണ് ടാറിങ് നടത്തിയത്. റോഡിലെ കട്ടിങ് കാരണം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കാൽനടക്കാർ തട്ടിവീഴുക, ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിയന്ത്രണംവിട്ട് മറിയുക തുടങ്ങി 30 ലധികം അപകടങ്ങളാണ് കഴിഞ്ഞ എട്ട് മാസങ്ങൾക്കിടയിൽ സംഭവിച്ചത്. കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെയും മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിലും ബി.ജെ.പി. നേതൃത്വത്തിലും ടാറിങ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ നടന്നിരുന്നു. മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് നവീകരണ ഭാഗാമായാണ് വെച്ചൂച്ചിറ ടൗൺ ഭാഗത്ത് എട്ട് മാസങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയത്. കുംഭിത്തോട് മുതൽ സെയ്ന്റ് തോമസ് സ്‌കൂൾപടി വരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗത്ത് റോഡിന്റെ വീതിയിൽ പകുതിഭാഗം മാത്രമായിരുന്നു ടാറിങ് നടത്തിയിരുന്നത്. തുടർന്ന് പണികൾ മുടങ്ങി.
വെച്ചൂച്ചിറ ടൗൺ പൂർണമായും ഈ ഭാഗത്ത് ഉൾപ്പെടുന്നു. ടാറിങ് നടത്തിയ ഭാഗവും മറുഭാഗവും ചേരുന്ന സ്ഥലത്ത് കട്ടിങ്ങായി. ഇതാണ് അപകടത്തിന് കാരണമായത്. സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരിയുടെ രണ്ട് പല്ലുകൾ പൊട്ടിയതടക്കം പല അപകടങ്ങളിലായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ അപകടാവസ്ഥ ഒഴിവാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും പണികൾ പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ഇത്രയും ഭാഗത്തെ ടാറിങ് പൂർത്തിയാക്കി. റോഡ് ടാറിങ് നടത്തിയതോടെ തങ്ങളുടെ സമര വിജയമാണിതെന്ന അവകാശവാദവുമായി ബി.ജെ.പി.യും പിന്നാലെ കോൺഗ്രസും രംഗത്തെത്തി. സി.പി.എം. മറ്റ് ആവശ്യങ്ങളുടെ പേരിൽ നടത്തിയ സമരങ്ങളിൽ ഈ വിഷയവും ഉന്നയിച്ചിരുന്നു. സമരം ഫലം കണ്ടെന്ന് ബി.ജെ.പി. റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യവുമായി സെപ്റ്റംബർ 24-ന് ബി.ജെ.പി. നടത്തിയ സമരം ഫലം കണ്ടതായി വെച്ചൂച്ചിറ ഏരിയ കമ്മിറ്റി അവകാശപ്പെടുന്നു.
പണികൾ പുനഃരാരംഭിക്കുന്ന സാഹചര്യമില്ലാത്ത അവസ്ഥയിൽ ബി.ജെ.പി. വിഷയം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു.
റോഡ് നന്നാക്കിയ അധികൃതർക്ക് അവർ നന്ദിയും അറിയിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിറക്കി. റോഡിൽ കിടക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്ന് പ്രസിഡന്റ് ഇനിയും ടാറിങ് വൈകിയാൽ റോഡിൽ കിടക്കുമെന്ന് കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി പറഞ്ഞു.
രണ്ടുതവണ കോൺഗ്രസ് നേതൃത്വത്തിൽ തിരുവല്ലയിലെ കെ.ആർ.എഫ്.ബി. ഓഫീസിന് മുമ്പിൽ സമരം നടത്തി. കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെയും മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സമരം. പഴകുളം മധു എം.എൽ.എ. ഇടപെടുകയുംചെയ്തു.
15-ന് പണികൾ തുടങ്ങുമെന്ന് അറയിച്ചെങ്കിലും അന്ന് ആരംഭിച്ചില്ല. ഇനിയും വൈകിയാൽ തിങ്കളാഴ്ച റോഡിൽ കിടക്കുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും എന്തായാലും അടുത്തദിവസം പണികൾ പുനരാരംഭിച്ചത് ആശ്വാസമായെന്ന് പ്രസിഡന്റ് പറഞ്ഞു.
Published: 20 Oct 2026, 01:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented