അടൂർ : അടൂർ പതിനാലാംമൈലിലെ മിൽക്ക് എ.ടി.എം. ഒരുവർഷം പിന്നിടുമ്പോൾ നാട്ടുകാർക്കിടയിൽ സൂപ്പർ ഹിറ്റാണ്. മേലൂട് ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ് മെഷീനിൽ പ്രതിദിനം നൂറ് ലിറ്ററോളം പാലാണ് നിറയ്ക്കുന്നത്.

To advertise here,

ബാങ്ക് എ.ടി.എം.പോലെ സമയപരിധികളില്ലെന്നതാണ് ഈ പാൽ എ.ടി.എമ്മിന്റെ പ്രധാന ആകർഷണം. പുലർച്ചെയെന്നോ അർധരാത്രിയെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും ആവശ്യക്കാർക്ക് പാൽ ലഭിക്കും. സംഘത്തിന്റെ പ്രത്യേക കാർഡ്, ഗൂഗിൾ പേ, പണം എന്നിവ ഉപയോഗിച്ച് ആവശ്യാനുസരണം വാങ്ങാം.

ക്ഷീരസംഘത്തിൽ കർഷകർ അളക്കുന്ന പാൽ ഗുണനിലവാരം ഉറപ്പാക്കിയശേഷം നേരിട്ട് മിൽക്ക് എ.ടി.എമ്മിൽ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി പാൽ കേടുകൂടാതെ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നു. 2025 ഒക്ടോബർ 24-നാണ് ജില്ലയിലെ ആദ്യ മിൽക്ക് എ.ടി.എം. പ്രവർത്തനം ആരംഭിച്ചത്.

പത്ത് രൂപ മുതൽ 200 രൂപ വരെ ഉപയോഗിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ചുള്ള പാൽ മെഷീനിൽനിന്ന് ലഭിക്കും. പാൽവിലയിലെ മാറ്റത്തിനനുസരിച്ച് ലഭിക്കുന്ന അളവിലും വ്യത്യാസമുണ്ടാകും.

സംഘം നൽകുന്ന പ്രത്യേക എ.ടി.എം. കാർഡ് ഉപയോഗിച്ചും പാൽ വാങ്ങാം. ഈ കാർഡ് ക്ഷീരസംഘത്തിൽ റീചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഗൂഗിൾ പേ വഴിയും പണമടയ്ക്കാം. നിലവിൽ ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ വരെ പാൽ എടുക്കാവുന്ന രീതിയിലാണ് ക്രമീകരണം.

രാവിലെമുതൽ തിരക്ക്

മിൽക്ക് എ.ടി.എം. കൗണ്ടറിൽ രാവിലെ മുതൽ പാൽ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ആവശ്യത്തിന് പാൽ വേഗത്തിൽ വാങ്ങി മടങ്ങാമെന്നതും സമയനിയന്ത്രണമില്ലെന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. കർഷകരിൽനിന്ന് ശേഖരിക്കുന്ന പാൽ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്ന ഈ സംവിധാനം ക്ഷീരമേഖലയ്ക്കും പുതിയ സാധ്യതയാണ് തുറക്കുന്നത്.

പാൽ വാങ്ങാൻ ഇനി കട തുറക്കുന്നതും കാത്തിരിക്കേണ്ടതില്ല. കൈയിൽ പണമോ കാർഡോ ഗൂഗിൾ പേയോ ഉണ്ടായാൽ മതി; പാൽ എ.ടി.എം. എപ്പോഴും റെഡിയെന്ന് മേലൂട് ക്ഷീരസംഘം പ്രസിഡന്റ് എ.പി. ജയൻ പറഞ്ഞു.