വനംവകുപ്പിന്റെ വാഗ്ദാനങ്ങൾ കാടുകയറി

To advertise here,

കലഞ്ഞൂർ : കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് ജീവനും കൃഷിയും സംരക്ഷിക്കാൻ അധികൃതരുടെ സഹായം കാത്തിരുന്ന് മടുത്ത കർഷകർ ഒടുവിൽ സ്വന്തം നിലയിൽ പ്രതിരോധ സംവിധാനമൊരുക്കുന്നു. കുളത്തുമണ്ണിൽ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടന്നുവരുന്ന വഴിയിൽ കൃഷിയിടത്തിന് ചുറ്റും കിടങ്ങ് കുഴിച്ചാണ് കർഷകർ സ്വയം സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നത്. വനംവകുപ്പിന്റെ വാഗ്ദാനങ്ങളും അവലോകന യോഗങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം കടലാസിൽ ഒതുങ്ങുമ്പോൾ സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കർഷകർ തന്നെ ഏറ്റെടുക്കേണ്ട ഗതികേടിലാണ്.

കുളത്തുമൺ നന്ത്യാട്ട് സെബാസ്റ്റ്യൻ ജോസഫ്, എൻ.ജെ. മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവരാണ് സ്വന്തം കൃഷിയിടത്തിൽ കിടങ്ങ് നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവർക്ക് കാട്ടാനക്കൂട്ടം വരുത്തിയത്. വാഴ, കമുക്, തെങ്ങ്, കുരുമുളക്, റബർ തുടങ്ങി കൃഷിയിടത്തിലുണ്ടായിരുന്ന വിളകളെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. ഹാരിസൺ എസ്റ്റേറ്റുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുകൂടിയാണ് കാട്ടാനക്കൂട്ടം പതിവായി കുളത്തുമണ്ണിലെ ജനവാസ മേഖലയിലേക്ക് എത്തുന്നത്. ഈ വരവ് തടയുകയാണ് കർഷകരുടെ ലക്ഷ്യം. നന്ത്യാട്ട് സെബാസ്റ്റ്യൻ ജോസഫിന്റെയും എൻ.ജെ. മാത്യുവിന്റെയും ഉടമസ്ഥതയിലുള്ള ഏകദേശം 800 അടി നീളമുള്ള സ്ഥലത്താണ് ഇപ്പോൾ കിടങ്ങ് ഒരുക്കുന്നത്. കാട്ടാനകൾ കടന്നുവരുന്ന ഭാഗത്ത് സ്വന്തം ചെലവിലും അധ്വാനത്തിലുമാണ് നിർമ്മാണം.

അനുമതി 1.5 കിലോമീറ്ററിന് മാത്രം

കുളത്തുമണ്ണിലെ കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് നേരത്തെതന്നെ പ്രതിരോധപദ്ധതി തയ്യാറാക്കിയിരുന്നു. ഏകദേശം 20 കിലോമീറ്റർ ദൂരത്തിൽ കിടങ്ങ് നിർമിക്കാനും തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കാനുമായിരുന്നു ലക്ഷ്യം. ഇതോടൊപ്പം സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചു. പദ്ധതി വനംവകുപ്പിന് സമർപ്പിച്ചെങ്കിലും 1.5 കിലോമീറ്റർ ദൂരത്തിൽ മാത്രം കിടങ്ങ് നിർമിക്കാനാണ് അനുമതി ലഭിച്ചതെന്നാണ് പ്രദേശവാസികളുടെ പരാതി.

ഇതോടെ പഞ്ചായത്തിന്റെ വിപുലമായ പ്രതിരോധ പദ്ധതി ലക്ഷ്യത്തിലെത്താതെ പോയി. കാട്ടാനകൾ കൃഷിയിടങ്ങൾ തകർത്തശേഷം നഷ്ടം വിലയിരുത്താൻ ഉദ്യോഗസ്ഥരെത്തുന്നതല്ലാതെ ആക്രമണം തടയാൻ ഫലപ്രദമായ മുൻകരുതലുകൾ ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കൃഷി ഉപേക്ഷിക്കണോ, ജീവൻ പണയപ്പെടുത്തി കൃഷി തുടരണമോ എന്ന ചോദ്യത്തിന് മുന്നിലാണ് മലയോര മേഖലയിലെ കർഷകർ.