തിരുവല്ല/പുല്ലാട്: ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ പോകുന്ന പ്രധാന പാതകളിൽ ഒന്നായ ടി.കെ. റോഡിൽ കറ്റോട് ചീപ്പ് പാലം അപകടമേഖലയാണ്. ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ ടി.കെ. റോഡിൽ അവശേഷിക്കുന്ന വീതികുറഞ്ഞ പ്രധാന പാലമാണ് കറ്റോടുള്ളത്. പാലത്തിൽനിന്ന് കോൺക്രീറ്റ് മിക്‌സർ ലോറിയടക്കം തോട്ടിൽവീണ് ആളുകൾ മരിച്ചിട്ടുണ്ട്. പാലത്തിന് അഞ്ച് മീറ്റാണ് വീതി.

To advertise here,

രണ്ട് വലിയ വാഹനങ്ങൾക്ക് ഒരുമിച്ചുപോകാൻ കഴിയില്ല. ശബരിമല സീസണായാൽ പാലത്തിന് ഇരുവശവും ഗതാഗതക്കുരുക്കാകും. പാലം പൊളിച്ചുപണിയാൻ 2024-ൽ ഭരണാനുമതി ലഭിച്ചിരുന്നു. 3.96 കോടി രൂപയാണ് രണ്ടുവർഷം മുമ്പ് അനുവദിച്ചത്. തുടർനടപടി ഇപ്പോഴും ഫയലുകളിൽ ഉറങ്ങുന്നു. കറ്റോട് വളവ് കഴിയുമ്പോഴാണ് പാലം. ഈ വളവിൽ പലവട്ടം അപകടങ്ങൾ ഉണ്ടായി. ഒരുവർഷത്തിനിടെ മൂന്ന് പേർ ഈ ഭാഗത്ത് വിവിധ അപകടങ്ങളിലായി മരിച്ചു.

ബ്ലാക്ക്സ്പോട്ടിന് സമം ചീക്കുളത്തിപ്പടി

എം.സി. റോഡിൽ തിരുവല്ല മേഖലയിൽ അപകടം വാ പൊളിച്ചിരിക്കുന്ന വളവാണ് ചീക്കുളത്തിപ്പടി. ചെങ്ങന്നൂർ ദിശയിൽനിന്നും വരുമ്പോൾ നേർരേഖയിൽ ഇറക്കമിറങ്ങിയാണ് 'റ' ആകൃതിയിൽ വളവ് തിരിയുന്നത്. വീണ്ടും നേർരേഖയിലാണ് റോഡ്.

നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മേയിൽ തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ചിരുന്ന വാൻ വളവിൽ വട്ടംമറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. സൂപ്പർഫാസ്റ്റ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവവും ഇവിടെ ഉണ്ടായി. വളവിലിരിക്കുന്ന വീടിന്റെ മതിൽ തകർത്താണ് പലവാഹനങ്ങളും നിൽക്കുന്നത്. നാലുവട്ടം മതിൽ പൊളിച്ചുപണിഞ്ഞു. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെല്ലാം.

കുറ്റൂരിലും ജാഗ്രതവേണം

എം.സി. റോഡിൽ കുറ്റൂർ ഭാഗം അപകടമേഖലയാണ്. ഒരുവർഷത്തിനിടെ രണ്ട് ലോറി അപകടങ്ങളിൽ രണ്ട് പേർ മരിച്ചു.

നേർരേഖയിലുള്ള റോഡിൽ നേർക്കുനേർ ഇടിയാണ് പലപ്പോഴും നടക്കുന്നത്. ക്യാമറ നിരീക്ഷണം ഇല്ലാത്ത ഭാഗമാണ്. അമിതവേഗം നിയന്ത്രിക്കാൻ ഉപാധികൾ ഒന്നുമില്ല.

കല്ലുമാലിപ്പടി

കുമ്പനാട് ഹെബ്രോൺപുരത്തിനു സമീപമുള്ള കല്ലുമാലിപ്പടി സ്ഥിരം അപകടമേഖലയാണ്. കുമ്പനാടുനിന്ന് തിരുവല്ലയ്ക്ക് പോകുന്ന വാഹനങ്ങളും തിരുവല്ലയിൽനിന്ന് കുമ്പനാട്ടേക്ക് പോകുന്ന വാഹനങ്ങളും കല്ലുമാലിപ്പടിയിലെ വളവും തിരിവും കാരണം പരസ്പരം കാണുന്നത് 20 മീറ്റർ അടുത്തെത്തുമ്പോഴാണ്. തിരുവല്ല ഭാഗത്തേക്കുള്ള റോഡ് ഇറക്കമായതിനാൽ കുമ്പനാടുനിന്ന് വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണ് കല്ലുമാലിപ്പടിയിലേക്ക് എത്തുന്നത്. വർഷങ്ങൾക്കുമുൻപ് ഒരപകടത്തിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്.

കല്ലുമാലിപ്പടിയിലെ ഇറക്കത്തിൽ വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓവർടേക്കുചെയ്ത് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. തിരുവല്ല, കോയിപ്രം പോലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് കല്ലുമാലിപ്പടി. ഒരപകടം സംഭവിച്ചാൽ തിരുവല്ലയിൽനിന്ന്‌ 11 കിലോമീറ്റർ ഓടിയെത്തണം കല്ലുമാലിയിലേക്ക്, കോയിപ്രത്തുനിന്ന് മൂന്നര കിലോമീറ്ററും.

ഇലന്തൂരിലെ ഭീതി

ടി.കെ. റോഡിലെ ഇലന്തൂർ പാലച്ചുവട്ടിൽ വാഹനങ്ങൾ തെന്നിമാറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം ഉണ്ടാകുന്നത് പതിവാണ്. റോഡ് ഉന്നതനിലവാരത്തിൽ ടാർചെയ്തതിനുശേഷമാണ് അപകടങ്ങൾ വർധിച്ചത്. ഇലന്തൂരിനും പത്തനംതിട്ടയ്ക്കും ഇടയ്ക്ക് പാലച്ചുവട് ട്രാൻസ്ഫോർമർ പരിധിയിൽ ആറുമാസത്തിനിടെ എട്ട് അപകടമാണ് ഉണ്ടായത്. ട്രാൻസ്ഫോർമർമാത്രം മൂന്നുതവണ വാഹനം ഇടിച്ച് തകർന്നു. വാര്യാപുരത്തെ കൊടുംവളവും ഇറക്കവും സ്ഥിരം അപകടസ്ഥലമാണ്. ആറുമാസം മുൻപാണ് റോഡ് റോളർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. സ്കൂട്ടർ യാത്രികനും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്കും ഇവിടെ അപകടമുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു കാരണം. ഈ റോഡിൽ അമിതവേഗമാണ് പ്രധാന അപകടകാരണം. റോഡ് പൂർണമായും ഉന്നതനിലവാരത്തിലാക്കുന്ന ജോലി പുരോഗമിക്കുകയാണ്.

(തുടരും)