പന്തളം : കുളിക്കാനും തുണി നനയ്ക്കാനും കൃഷിക്കും ഉപയോഗിച്ചുകൊണ്ടിരുന്ന പൂഴിക്കാട് ശാസ്താംകുളം പായൽമൂടി. നന്നാക്കിയാൽ കൃഷിക്കും ക്ഷേത്രാവശ്യങ്ങൾക്കും ഇവിടെയെത്തുന്ന തീർഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയുന്ന കുളത്തിന് നവീകരണം ആവശ്യമാണ്.
നഗരസഭയിലെ പൊതുകുളങ്ങളിൽ ഏറ്റവും വലിയ കുളത്തിന് 90 സെന്റ് വിസ്തൃതിയുണ്ട്. ശബരിമല ഇടത്താവളങ്ങൾ ഇല്ലാതിരുന്ന കാലത്ത് മണ്ഡല മകരവിളക്ക് സീസണിൽ തീർഥാടകർ പൂഴിക്കാട് ക്ഷേത്രത്തിൽ വിശ്രമിച്ചശേഷം യാത്ര തുടർന്നിരുന്നു. അന്ന് പ്രധാനമായും കുളിക്കാൻ ഉപയോഗിച്ചിരുന്നതാണ് വലിയകുളം. മറ്റ് ഇടത്താവളങ്ങളെ അപേക്ഷിച്ച് വിശ്രമിക്കാൻ പറ്റിയ അന്തരീക്ഷവും സൗകര്യവുമുള്ള സ്ഥലമാണ് ഇവിടം. പിന്നീട് ഇടത്താവളങ്ങൾ വന്നതോടെ ക്ഷേത്രത്തിലെത്തുന്ന തീർഥാടകർ കുറഞ്ഞു.
പൂഴിക്കാട് ശ്രീഭൂതനാഥവിലാസം ഹൈന്ദവസമാജം വക പൂഴിക്കാട് ധർമശാസ്താക്ഷേത്രത്തിന്റെ ഉടമസ്ഥതയിലായിരുന്ന കുളം 1964-ൽ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേജർ ജലസേചനവകുപ്പിന് കൈമാറി. അതിനുശേഷം കുളത്തിന്റെ ആഴവും വീതിയുംകൂട്ടി വശങ്ങൾ കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചു. രണ്ട് ഭാഗങ്ങളിൽ കടവുകളും പണിതു. കരിങ്കല്ല് കെട്ടിയ വശങ്ങളുടെ പല ഭാഗങ്ങളും ഇപ്പോൾ ഇടിഞ്ഞു. പടികളും തകർന്നു. ഒരുഭാഗത്ത് കൈത്തോടുണ്ടാക്കി വെള്ളം ശാസ്താംപടി പാടത്തെയും ചിറമുടി ഭാഗത്തെയും കൃഷിക്കും ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് കൈത്തോടുകളുടെ പല ഭാഗങ്ങളിലും ഇടിഞ്ഞ് തോടുകളും നികന്നു.
ആഫ്രിക്കൻ പായൽ മൂടിക്കിടക്കുന്ന കുളത്തിലേക്ക് ഇപ്പോൾ ആരും ഇറങ്ങാറില്ല. വെള്ളവും മലിനമാണ്. കൊടും വരൾച്ചയിൽപോലും 10 അടി ആഴത്തിൽ ഈ കുളത്തിൽ വെള്ളമുള്ളതിനാൽ സമീപത്തുള്ള വീടുകളിലെ കിണറുകൾ വറ്റാറില്ല. ക്ഷേത്രാവശ്യത്തിനും മറ്റും ഉപയോഗിക്കുന്നതിനായി ഇതിൽ വളർത്തിയിരുന്ന താമരയും പായൽകാരണം നശിച്ചു. കഴിഞ്ഞമാസം ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രത്തിലെ കൂറ്റൻ അരയാൽ മരം മൂടോടെ പിഴുത് കുളത്തിലേക്ക് വീണു. ഇതും ഇവിടെ കിടന്ന് അഴുകുകയാണ്.
പന്തളം പഞ്ചായത്തായിരുന്ന കാലത്ത് കുളത്തിലെ ചെളി നീക്കംചെയ്യാനും ഇടിഞ്ഞുപൊളിഞ്ഞ വശങ്ങൾ നന്നാക്കാനുമായി മൂന്ന് തവണ പണം അനുവദിച്ചിരുന്നു. കുളം വൃത്തിയാക്കി ജലസേചന സൗകര്യമൊരുക്കിയാൽ ശാസ്താംപടി ഏലായിലെ കൃഷി മെച്ചപ്പെടുത്തുവാൻ കഴിയുമെന്ന് പരമ്പരാഗത കർഷകനായ ഹരിഹരജ വിലാസത്തിൽ ചന്ദ്രനുണ്ണിത്താൻ പറഞ്ഞു. കുളം വൃത്തിയാക്കുന്നതിനായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 38 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കുളം പുനരുദ്ധാരണം നടത്താൻ നടപടിയുണ്ടാകുമെന്നും നഗരസഭാ കൗൺസിലർ ബി. പ്രദീപ് പറഞ്ഞു.
Published: 20 Sept 2026, 01:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented