പഴകുളം : കെട്ടിടം പണിയാൻ 8.5 ലക്ഷം രൂപ ചെലവിട്ടു. ശൗചാലയങ്ങളൊരുക്കി. വിശ്രമകേന്ദ്രവും കഫേക്കുള്ള സൗകര്യവുമൊരുക്കി. വൈദ്യുതിയും എത്തിച്ചു. പക്ഷേ, ഒരു കാര്യം മാത്രം മറന്നുപോയി–വെള്ളം. അതു തിരിച്ചറിഞ്ഞപ്പോഴേക്കും കെട്ടിടംപണി തീർന്നു.

To advertise here,

കെ.പി. റോഡിൽ പഴകുളം പാസിനു സമീപം സോഷ്യൽ ഫോറസ്‌ട്രി പാർക്കിൽ പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് ഒരുക്കിയ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന്റെ അവസ്ഥയാണിത്. അടുത്തിടെ വെള്ളത്തിനായി കുഴൽക്കിണർ കുഴിച്ചു. അപ്പാഴും തടസ്സം പിന്നാലെ കൂടി. വെള്ളം ടാങ്കിലെത്തിക്കാനുള്ള സംവിധാനമായിട്ടില്ല. അങ്ങനെ അഞ്ചുവർഷമായി പഴകുളത്തെ ടേക്ക് എ ബ്രേക്ക് പദ്ധതി തുറക്കാനാകാതെ കിടക്കുകയാണ്.

 

ലക്ഷ്യങ്ങൾ കാടുകയറുന്നു

കേരള സർക്കാർ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ലക്ഷ്യം വഴിയാത്രക്കാർക്ക് വൃത്തിയുള്ള ശൗചാലയങ്ങളും വിശ്രമസൗകര്യവും ചായയും ലഘുഭക്ഷണവും ലഭ്യമാക്കുക എന്നതായിരുന്നു. പ്രത്യേകിച്ച് ദീർഘദൂര യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ പ്രയോജനപ്പെടേണ്ട പദ്ധതി.

എന്നാൽ, പഴകുളത്തെ കേന്ദ്രത്തിൽ ലക്ഷ്യങ്ങൾ കാടുകയറുകയാണ്. സോഷ്യൽ ഫോറസ്‌ട്രി പാർക്കിന്റെ പേരിനെ അന്വർഥമാക്കുന്നവിധം പരിസരമാകെ കാടുമൂടി. കെട്ടിടം തുറക്കാതെ കിടക്കുന്നതിനാൽ നാശാവസ്ഥയിലേക്കും നീങ്ങുന്നു. ഇതേ കാലയളവിൽ ആരംഭിച്ച മറ്റു പല ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

യാത്രക്കാർക്ക് ആശ്വാസമാകേണ്ട വിശ്രമകേന്ദ്രം ഇപ്പോൾ കാടിനിടയിലെ അടഞ്ഞ കെട്ടിടമായി മാറി.