പള്ളിക്കൽ : മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട്. അത് ഒഴിവാക്കി അരികുപറ്റി നടന്നുപോകാമെന്നു കരുതിയാൽ ഇരുവശത്തും കാടും. വെള്ളക്കെട്ടും കാടും ചേർന്ന് വഴിമുടക്കുമ്പോൾ തോട്ടുവ മാവേലിപ്പടി–കണ്ണമത്തുപടി റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ഓരോ ദിവസവും ദുരിതമാകുന്നു.

To advertise here,

കണ്ണമത്ത് ക്ഷേത്രത്തിന് കിഴക്കുവശത്തെ റോഡിലെ താഴ്ചയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടാണ് വാഹനയാത്രികരെയും കാൽനടയാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നത്. മൂന്ന് വർഷമായി തുടരുന്ന പ്രശ്നമാണ്. കോൺക്രീറ്റ് ചെയ്ത റോഡാണെങ്കിലും മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സൗകര്യമില്ലാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ വെള്ളം ഒഴുകിപ്പോകുന്നതിനായി ചപ്പാത്ത് ഒരുക്കിയിരുന്നു. എന്നാൽ, വെള്ളം സുഗമമായി ഒഴുകിപ്പോകാൻ ഓട നിർമിച്ചില്ല. ഇതോടെ ചപ്പാത്തിൽ എത്തുന്ന മഴവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങി. കാലക്രമേണ വെള്ളക്കെട്ട് പതിവുകാഴ്ചയായി മാറി. മഴ ശക്തമാകുന്നതോടെ റോഡിലൂടെ കടന്നുപോകാൻപോലും പ്രയാസപ്പെടുന്ന സ്ഥിതിയാണ്.

ഇരുവശത്തും കാട് വളർന്നുനിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി മാറിനടക്കാൻ ഇടമില്ല. വെള്ളക്കെട്ടിലൂടെ നടന്നുപോകുകയോ കാടിനരികിലൂടെ സാഹസപ്പെട്ട് കടന്നുപോകുകയോ വേണമെന്നതാണ് അവസ്ഥ. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു.

വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങൾ പലപ്പോഴും നടുവഴിയിൽ നിന്നുപോകുന്നതായി യാത്രക്കാർ പറയുന്നു. ചെളിവെള്ളം എൻജിനുള്ളിൽ കയറി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഇപ്പോൾ മേക്കുന്നുമുകൾ-തെങ്ങമം റോഡിൽ പാലം പണി നടക്കുന്നതിനാൽ ഈ റോഡിൽകൂടിയാണ് പല വാഹനങ്ങളും കടന്നുപോകുന്നത്. ഇതിനാൽ വരും ദിവസങ്ങളിൽ റോഡിന്റെ അവസ്ഥ കൂടുതൽ ഗുരുതരമാകും. ദിവസേന ഒട്ടേറെ പേർ ആശ്രയിക്കുന്ന റോഡിൽ വെള്ളക്കെട്ടും കാടും ഒരുപോലെ ഭീഷണിയാകുമ്പോഴും പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകാത്തത് നാട്ടുകാരെ നിരാശരാക്കുന്നുണ്ട്.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയും ഇരുവശങ്ങളിലെയും കാട് വെട്ടിത്തെളിച്ച് കാൽനടയാത്ര സുഗമമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അധികൃതർ ഇടപെടണം

ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണം യൂത്ത് കോൺഗ്രസ്

അരുൺ ബി. കുറുപ്പ്

അടൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി