പത്തനംതിട്ട : ശബരിമല ഇടത്താവളത്തിൽ മാസങ്ങളായി തുടർന്ന താജ്മഹൽ മാതൃക പൊളിച്ചുമാറ്റി. മൈലപ്ര റോഡിലെ ഇടത്താവളത്തിൽ വിപണന മേളയ്ക്കായി സ്ഥാപിച്ച താജ്മഹൽ മാതൃകയും ഷെഡ്ഡുകളും താത്കാലിക നിർമിതികളുമാണ് പൊളിച്ചുനീക്കാൻ തുടങ്ങിയത്. മേള നേരത്തെ അവസാനിച്ചിട്ടും ഇവ നീക്കം ചെയ്യാത്തത് ഇടത്താവളത്തിലെ മുന്നൊരുക്കൾക്ക് തടസ്സമാകുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതിനിടെയാണ് നഗരസഭാ ഭരണസമിതിയുടെ ഇടപെടൽ. കഴിഞ്ഞദിവസം ലേലത്തിലേക്ക് കടന്നെങ്കിലും നിർമിതികൾ പൊളിച്ചുനീക്കാമെന്നും വാടക കുടിശ്ശിക അടയ്ക്കാമെന്നും ഉടമ നൽകിയ ഉറപ്പിന്മേൽ ലേലത്തിന്റെ തുടർനടപടി നിർത്തിവെച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് നിർമിതികൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. തിങ്കളാഴ്ചയോടെ ഇവ പൂർത്തിയാകും. ശബരിമല മണ്ഡലകാലം അടുത്തതിനാൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ നഗരസഭയ്ക്കു നടത്തേണ്ടതുണ്ട്. ചൊവ്വാഴ്ച കൗൺസിൽ യോഗം കൂടി മുന്നൊരുക്കങ്ങളെപ്പറ്റി തീരുമാനമെടുക്കും. ഈ മാസം അവസാനത്തോടെ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ സിന്ധു അനിൽ അറിയിച്ചു.
ഈവർഷം മാർച്ച് മുതൽ മേയ് 10 വരെയാണ് വിപണനമേളയ്ക്ക് ആദ്യം അനുമതി നൽകിയിരുന്നത്. മേള നടത്തിപ്പുകാരുടെ അപേക്ഷപ്രകാരം ജൂലായ് വരെ കരാർ നീട്ടി. എന്നാൽ മേള ഇടയ്ക്കുവെച്ച് നിന്നു. വാടക കുടിശ്ശിക ഏറിയതിനെ തുടർന്ന് ഈ തുക അടച്ചശേഷം ഷെഡ്ഡുകളും മറ്റും നീക്കം ചെയ്യണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. 15 ലക്ഷത്തോളം രൂപയാണ് നഗരസഭയ്ക്ക് നൽകാനുള്ളത്. കാലതാമസം വന്നതോടെ നഗരസഭ ലേലനടപടികളിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് ഉടമ തന്നെ നിർമിതികൾ പൊളിച്ചുനീക്കാമെന്ന് ഏറ്റത്. ഭരണസമിതിയുടെ ആർജവത്തോടെയുള്ള പ്രവർത്തനമാണ് ഇതിന് പിന്നിലെന്നും കൃത്യമായ സമയത്ത് ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എ. സുരേഷ് കുമാർ അറിയിച്ചു. താജ്മഹൽ മാതൃക ഞായറാഴ്ച തന്നെ പൂർണമായി പൊളിച്ചുനീക്കി. പന്തൽ ഉൾപ്പെടെ ഇനി നീക്കം ചെയ്യേണ്ടതുണ്ട്. ചെയർപേഴ്സൺ സിന്ധു അനിൽ, കൗൺസിൽ അംഗങ്ങളായ എ. സുരേഷ് കുമാർ, ഏബൽ മാത്യു, നെജിം രാജൻ, ജോയമ്മ സൈമൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.
Published: 26 Oct 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented