റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ ഇരുചക്രവാഹനത്തിൽ കുരുങ്ങി

To advertise here,

പത്തനംതിട്ട : നഗരത്തിൽ മരണക്കുരുക്കായി കേബിളുകൾ. കെട്ടിടങ്ങളിലും വൈദ്യുതിപോസ്റ്റുകളിലും അലക്ഷ്യമായി വലിച്ചിട്ടിരിക്കുന്ന കേബിളുകൾ വാഹനയാത്രികർക്കും കാൽനടയാത്രികർക്കും കെണിയാണ്. തിങ്കളാഴ്ച രാവിലെ ഒൻപതിന് സെൻട്രൽ ജങ്ഷനിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് പോസ്റ്റിൽനിന്ന് റോഡിലേക്ക് താഴ്ന്നുകിടന്ന കേബിൾ ഇരുചക്രവാഹനത്തിൽ കുടുങ്ങി. വാഹനമോടിച്ചിരുന്ന യുവാവ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ മറിഞ്ഞില്ല. ഇതുകണ്ട സമീപത്തെ കച്ചവടക്കാരാണ് കൂടുതൽ അപകടം ഒഴിവാക്കാനായി കേബിൾ പോസ്റ്റിൽ കെട്ടിവെച്ചത്.

പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് ജങ്ഷൻമുതൽ അബാൻ ജങ്ഷൻ വരെയും കേബിളുകൾ അല്യക്ഷമായി കുരുങ്ങിക്കിടക്കുകയാണ്. പല പോസ്റ്റുകളിലും മുകളിൽ മുതൽ താഴെവരെ കേബിളുകൾ ചുറ്റിക്കെട്ടിവെച്ചിട്ടുണ്ട്. ജനറൽ ആശുപത്രിക്ക്‌ മുൻപിൽ വണ്ടി തട്ടിയും മറ്റും കേബിളുകൾ പൊട്ടുന്നത് പതിവാണ്. ഇത് നടപ്പാതയിലെ കൈവരിയിലേക്ക് കെട്ടിവെച്ചിരിക്കുകയാണ്.

ഉപയോഗശൂന്യമായതും അനധികൃതവുമായ കേബിളുകൾ പോസ്റ്റുകളിൽനിന്ന് നീക്കംചെയ്യാൻ നിരന്തരം നോട്ടീസ് നൽകാറുണ്ടെന്നും കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. നിശ്ചിത സമയത്തിനകം മാറ്റിയില്ലെങ്കിൽ അവ മുറിച്ചുമാറ്റും. എന്നാൽ ഇവ ഇന്റർനെറ്റ് വയറുകളാണെന്നത് പലപ്പോഴും മുറിച്ചുനീക്കുന്നതിന് തടസ്സമാകും. ഉപയോഗശൂന്യമായ കേബിളുകൾപോലും പോസ്റ്റുകളിൽനിന്ന് മാറ്റാറില്ല. ഏത് കമ്പനിയുടേതാണെന്ന് തിരിച്ചറിയാൻ പോസ്റ്റുകളിലെ കേബിളുകളിൽ നിർബന്ധമായും കമ്പനിയുടെ പേര്, വിവരങ്ങളടങ്ങിയ ടാഗ് പതിക്കണമെന്ന് കെ.എസ്.ഇ.ബി. നിർദേശിച്ചിട്ടുണ്ട്. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല.