കുളനട : പത്തുവർഷം മുമ്പ് ഇറക്കിയിട്ട പൈപ്പുകൾ സ്‌കൂൾ കുട്ടികൾക്കും യാത്രക്കാർക്കും ഭീഷണിയായി. കുളനട- ആറന്മുള റോഡിൽ പൈവഴി കവലയ്ക്ക് സമീപം ആർ.ആർ. യു.പി. സ്‌കൂളിന് താഴ്ഭാഗത്താണ് പി.വി.സി., ഇരുമ്പ് പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. പൈപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലവാസിയായ ഒരാളും അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്.
സ്‌കൂളിന് സമീപം വളവിലാണ് ടാറിങ്ങിനോട് ചേർന്ന ഭാഗത്ത് മൂന്നിടത്തായി പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. കെ.എസ്.ഇ.ബി.യുടെ വൈദ്യുതിത്തൂണുകളും ഇവിടെ വഴിയരികിൽ കിടക്കുന്നുണ്ട്. റോഡ് ടാറിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പണിനടക്കുന്ന സമയത്തും റോഡിന് വീതികൂടുതലുള്ള ഈ ഭാഗം ടാറിങ് നടത്താതെ ഒഴിച്ചിടുകയായിരുന്നു.
കാടുകയറിക്കിടക്കുന്നതിനാൽ പൈപ്പ് കിടക്കുന്ന ഭാഗത്തുതന്നെ ആളുകൾ ചാക്കിലും കവറുകളിലും കെട്ടിയ മാലിന്യവും ഉപേക്ഷിക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾ റോഡിൽനിന്ന് കയറുന്ന പടികൾക്ക് സമീപമാണ് കാടുമൂടിയ നിലയിൽ വലിയ പൈപ്പുകൾ ഇട്ടിരിക്കുന്നത്. എന്താവശ്യത്തിന് എത്തിച്ചതാണെന്നോ, പണികഴിഞ്ഞ് ഉപേക്ഷിച്ചുപോയതാണെന്നോ ആർക്കും അറിയില്ല. വിലപിടിപ്പുള്ള ഇരുമ്പിന്റെയും പി.വി.സി.യുടെയും പൈപ്പുകളാണ് ഇവ.
ശബരിമല മണ്ഡലകാലം തുടങ്ങുന്നതോടെ പന്തളത്തെത്തി കുളനട- ആറന്മുളവഴി എരുമേലിക്കും പമ്പയിലേക്കും പോകുന്ന വാഹനങ്ങളുടെ തിരക്കായിരിക്കും ഈ റോഡിൽ. വീതി കൂടുതലുള്ള ഭാഗം വൃത്തിയാക്കി ടാറിങ്ങോ, കോൺക്രീറ്റോ ചെയ്താൽ റോഡിന് വീതി കൂടുതൽ കിട്ടുകയും വളവിൽ ഉണ്ടാകാനിടയുള്ള അപകടത്തിന് പരിഹാരമാകുകയും ചെയ്യും. കാടിനുള്ളിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനും പരിഹാരമാകും.
Published: 12 Oct 2026, 01:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented