കാഞ്ഞേറ്റുകര: തോട്ടപ്പുഴശ്ശേരി പഞ്ചായത്തിനുവേണ്ടിയുള്ള എം.സി.എഫ്. നിർമാണം നിലച്ചിട്ട് ഒരു വർഷം. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകൾക്കുവേണ്ടി നാട്ടിയിട്ടുള്ള കമ്പികളെല്ലാം തുരുമ്പെടുത്തു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് പുതുതായി നിർമിക്കുന്ന എം.സി.എഫിന്റെ നിർമാണോദ്ഘാടനം നടത്തിയത്. പി.ഐ.പി. കനാലിനു സമീപമുള്ള 15 സെൻറ് സ്ഥലത്താണ് എം.സി.എഫ്. നിർമിക്കുന്നത്. കെട്ടിടത്തിന്റെ അടിത്തറ ഒരുക്കി ആറ് കുഴികളിലായി കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നതിനുവേണ്ടി കമ്പികൾ സ്ഥാപിച്ചതല്ലാതെ ഒരു പ്രവൃത്തിയും നടക്കുന്നില്ല. കുഴികളിൽ കുറച്ചുഭാഗത്തുമാത്രമേ കോൺക്രീറ്റ് മിശ്രിതം ഇട്ടിട്ടുള്ളൂ. തടിക്കഷ്ണങ്ങൾ വെച്ചാണ് തൂണുകൾ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. തറയെല്ലാം കാടുമൂടി കിടക്കുകയാണ്.

To advertise here,

 

25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

സംസ്ഥാന ശുചിത്വമിഷന്റെ 18,02,000 രൂപയും കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 7,91,900 രൂപ ഉൾപ്പെടെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 192 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ ഓഫീസ്, ശൗചാലയം, വലിയൊരു ഹാൾ, ബെയിലിങ് മെഷീൻ സ്ഥാപിക്കുവാനും മാലിന്യങ്ങൾ തരംതിരിക്കാൻ സോർട്ടിങ് മെഷീൻ സ്ഥാപിക്കാനുള്ള രണ്ടു മുറികളും ഉൾപ്പെടുന്നു. നിലവിൽ എം.സി.എഫ്. ആയിട്ട് ഉപയോഗിക്കുന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെനിലയാണ്. ശക്തിയായ ഒരു മഴപെയ്താൽ ഇവിടെ വെള്ളംകയറും. കോൺക്രീറ്റ് സ്ലാബുകളിട്ട് അതിന്റെ മുകളിലാണ് മാലിന്യങ്ങൾ ചാക്കിൽകെട്ടി സൂക്ഷിക്കുന്നത്. ജൂലായിൽ പമ്പയാർ കരകവിഞ്ഞപ്പോഴും എം.സി.എഫിൽ വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് നിലച്ച വൈദ്യുതിബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഹരിതകർമസേന അംഗങ്ങൾക്ക് ആഹാരം കഴിക്കാനും വിശ്രമിക്കാനും ഒരു മുറി അനുവദിക്കണമെന്നുള്ളത് ഏറെ നാളായുള്ള ആവശ്യമാണ്.എം.സി.എഫി.ന്റെ നിർമാണം പൂർത്തിയായാൽ പഞ്ചായത്ത് ഓഫീസിനുസമീപം മാലിന്യങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കാം.

 

എം.സി.എഫ്. നിർമാണം പുനരാരംഭിക്കണം

:മൂന്ന് മാസത്തിനുള്ളിൽ എം.സി.എഫ്. നിർമാണം പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. എം.സി.എഫി.ന്റെ പ്രവർത്തനം പൂർണമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റണം. ഇപ്പോഴത്തെ എം.സി.എഫി.ൽ വേണ്ടത്ര സ്ഥലസൗകര്യങ്ങളില്ല.

സഞ്ജീവ് കുമാർ, ഗ്രാമപ്പഞ്ചായത്തംഗം