പരുമല : ലഹരിക്കെതിരേ യുവാക്കൾ തിരുത്തൽശക്തികളായി മാറണമെന്ന് എക്‌സൈസ് മന്ത്രി എം.ലിജു പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളും യുവജനങ്ങളും ലഹരിയുടെ കെണിയിൽ അകപ്പെടാതെ സമൂഹത്തിന് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി.മാത്യു അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ആർ. ശ്രീകണ്ഠൻനായർ മുഖ്യാതിഥിയായി. യുവജനം മാസികയുടെ പരുമല പെരുന്നാൾ പ്രത്യേക പതിപ്പ് പ്രകാശനവും പരുമല പള്ളി യുവജനപ്രസ്ഥാനത്തിന്റെ ഓക്സില കാൻസർ ചികിത്സാസഹായനിധി വിതരണവും നടന്നു. വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ്, അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, റീജണൽ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളിൽ, നിബിൻ നല്ലവീട്ടിൽ, അപ്രേം കുന്നിൽ, റെനോജ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീനേതൃത്വം അനിവാര്യം: ജെയ്സി കരിങ്ങാട്ടിൽ
സഭയിലും സമൂഹത്തിലും സ്ത്രീ നേതൃത്വവും പങ്കാളിത്തവും അനിവാര്യമാണെന്നും സ്ത്രീകളുടെ സാന്നിധ്യവും കരുതലും സഭയുടെയും സമൂഹത്തിന്റെയും അടിത്തറയാണെന്നും സഭകളുടെ ദേശീയസമിതി അംഗം ഡോ. ജയ്‌സി കരിങ്ങാട്ടിൽ പറഞ്ഞു. ബസ്‌ക്യോമോ അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷതവഹിച്ചു. ഫാ. സോളു കോശി രാജു, ജെസ്സി വർഗീസ്, റേച്ചൽ പി. ജോസ്, ഷൈനി സാം, മിനി ഉമ്മൻ, മിനി സൈമൺ എന്നിവർ പ്രസംഗിച്ചു.
പരുമലപള്ളിയിൽ ഇന്ന്
മൂന്നിന്മേൽ കുർബാന 7.00, തീർഥാടന വാരാഘോഷ സമാപന സമ്മേളനം 2.30, സന്ധ്യാനമസ്കാരം 6.00, ശ്ലൈഹിക വാഴ്‌വ് 8.00, പ്രദക്ഷിണം 8.15, ഭക്തിഗാനാർച്ചന 10.30.
Published: 01 Nov 2026, 12:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented