പുല്ലാട് : കോയിപ്രം പഞ്ചായത്ത് ആവശ്യത്തിനുള്ള സ്ഥലം ഇന്ന് അനുവദിച്ചാൽ നാളെത്തന്നെ ബസ് ബേ നിർമാണത്തിന് തുടക്കമിടുമെന്ന് അബിൻ വർക്കി എം.എൽ.എ.. ടി.കെ. റോഡ് വികസനപദ്ധതികളെപ്പറ്റി ചർച്ചചെയ്യുവാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പുല്ലാട്, മുട്ടുമൺ, കുമ്പനാട് ജങ്ഷനുകളിലെ ഗതാഗതക്കുരുക്കും, ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ അഭാവവും സംബന്ധിച്ച് നാട്ടുകാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം.എൽ.എ. ടി.കെ. റോഡ് കടന്നുപോകുന്ന പഞ്ചായത്തിലെ പ്രധാനപ്പെട്ട മൂന്ന് ജങ്ഷനുകളാണ് പുല്ലാടും, മുട്ടുമണ്ണും, കുമ്പനാടും. പുല്ലാട് ജങ്ഷനിൽ മാത്രമാണ് ഒരു ബസ് കാത്തിരിപ്പുകേന്ദ്രം ഉള്ളത്. മുട്ടുമണ്ണിൽ ആകെയുള്ള ചെറിയ ഒരു ബസ് കാത്തിരിപ്പുകേന്ദ്രം ജീർണാവസ്ഥയിലാണ്. കുമ്പനാട്ട് ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ല. നിലവിൽ കുമ്പനാട്ട് പുറമ്പോക്ക് ഭൂമി ഇല്ലെന്നും റോഡ് വശത്ത് ആരെങ്കിലും സൗജന്യമായി ഭൂമി നൽകിയാൽ മാത്രമേ ബസ് ബേ നിർമിക്കാൻ സാധിക്കുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് ഈപ്പൻ പറഞ്ഞു.

കുമ്പനാട്ട് റോഡിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഓടകളിലെ മണ്ണ് നീക്കംചെയ്തിരുന്നു. മണ്ണ് നീക്കിയതിനുശേഷം സ്ലാബുകൾ പുനഃസ്ഥാപിച്ചത് ശരിയായ രീതിയിലല്ലെന്ന് 18-ാം വാർഡ് മെമ്പർ തോമസ് ജേക്കബ് പറഞ്ഞു. സമീപത്തുള്ള സൂപ്പർമാർക്കറ്റിലെ മലിനജലം ഓടുകളിൽ കൂടി ഒഴുക്കുന്നതിനാൽ കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് എതിർവശത്തുള്ള വ്യാപാരികൾ ബുദ്ധിമുട്ടിലാണ്. മലിനജലം ഓടയിൽ ഒഴുക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണം.

പൊതുമരാമത്തു വകുപ്പിന്റെ അനുമതി കൂടാതെ ഹെബ്രോൺപുരത്തിന് സമീപം ജല അതോറിറ്റി എടുത്ത കുഴി ശരിയായ വിധത്തിൽ മൂടിയിട്ടില്ലെന്നുള്ള പരാതിയും യോഗത്തിൽ ഉയർന്നു.

ഡ്രെയ്‌നേജിന് പ്രത്യേക പദ്ധതി

പഞ്ചായത്തിലെ പ്രധാന ടൗണുകളിലെ ഡ്രെയ്‌നേജ് സിസ്റ്റം നവീകരിക്കുന്നതിന് 2.75 കോടി രൂപയുടെ പദ്ധതി തയ്യാറായിവരുന്നതായി എം.എൽ.എ. യോഗത്തെ അറിയിച്ചു. പുല്ലാട് ടൗണിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഏതൊക്കെ തോടുകളിലെ കൈയ്യേറ്റമാണ് ഒഴിപ്പിക്കേണ്ടതെന്ന് പഞ്ചായത്തു തലത്തിൽ തീരുമാനമെടുത്ത് അറിയിച്ചാൽ നടപടി ഉണ്ടാകും.

ടി.കെ. റോഡിൽ കോയിപ്രം പഞ്ചായത്ത് പരിധിയിലുള്ള എട്ട് കലുങ്കുകളിൽ പകുതിയും അടഞ്ഞിരിക്കുകയാണ്. കലുങ്കുകളിൽനിന്നും മണ്ണും ചെളിയും നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ടി.കെ. റോഡിൽ മാരാമൺ ഭാഗത്ത് റോഡ് പുനർനിർമാണം നടക്കുന്നതിനാൽ ഉണ്ടാകുന്ന പൊടിശല്യം പരിഹരിക്കുവാൻ ദിവസവും മൂന്നു നേരമെങ്കിലും റോഡിൽ വെള്ളം ഒഴിക്കണമെന്നുള്ള നിർദേശം പൊതുമരാമത്ത് അധികൃതർക്ക് നൽകി.

പുല്ലാട് ജങ്ഷനിൽ ഉൾപ്പെടെ ടി.കെ. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗത്തെ അറിയിച്ചു.

വിഷൻ- 2050

നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും എല്ലാ വാർഡുകളിലും യോഗം സംഘടിപ്പിക്കും. മൂന്ന്‌ പഞ്ചായത്തുകളിൽ ഇതിനകം യോഗം ചേർന്നുകഴിഞ്ഞു. മറ്റുള്ള പഞ്ചായത്തുകളിൽ ഉടനെ യോഗംചേരും. യോഗത്തിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി വിഷൻ-2050 പ്രസിദ്ധീകരിക്കും. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.