റാന്നി : വടശ്ശേരിക്കര ബൗണ്ടറിയിൽ വീണ്ടും കാട്ടാനശല്യം. വെള്ളിയാഴ്ചരാത്രി കാട്ടാനക്കൂട്ടം ഈ മേഖലയിൽ വ്യാപക നാശംവിതച്ചു. ഒരു ഗേറ്റ് തള്ളിവീഴ്ത്തി.
വാഴ, കപ്പ, തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കാട്ടാനശല്യം രൂക്ഷമായിരുന്ന വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ ശല്യമില്ലാതിരിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ചയായി സ്ഥിതി മാറി. ഈ ദിവസങ്ങൾകൊണ്ട് വൻനാശമാണ് വരുത്തിയത്. വെള്ളിയാഴ്ച ബൗണ്ടറി വരെ എത്തി. മുമ്പ് ഒറ്റയാനാണ് എത്തിയിരുന്നതെങ്കിൽ വെള്ളിയാഴ്ചരാത്രി നാല് ആനകൾ ഉണ്ടായിരുന്നതായി കർഷകർ പറഞ്ഞു.
ബൗണ്ടറി ചരിവുപറമ്പിൽ തോമസ് ഡാനിയേലിന്റെ വീടിനോട് ചേർന്ന പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റാണ് കാട്ടാനകൾ വെള്ളിയാഴ്ചരാത്രി തകർത്തത്. കൃഷിയിടത്തിന് ചുറ്റും മതിലിലും ഗേറ്റും സ്ഥാപിച്ചിരുന്നു. ഈ ഗേറ്റാണ് തള്ളിവീഴ്ത്തിയത്.
പുരയിടത്തിലെ കുലച്ച ഏത്തവാഴകളും പാളൻതോടൻ വാഴകളും നശിപ്പിച്ചു. തെങ്ങിൻ തൈകളിലെ ഓലയും വലിച്ച് നശിപ്പിച്ചനിലയിലാണ്.
പുരയിടത്തിലുണ്ടായിരുന്നു വാട്ടർ ടാങ്കും നശിപ്പിച്ചു. അയൽവാസിയായ മംഗലത്തേമണ്ണിൽ ജോസഫ് കോശിയുടെ കൃഷിയിടത്തിലും ആനയെത്തി. കപ്പ, വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. രാത്രി ഒരു മണിയോടെ കാട്ടാന പുരയിടത്തിൽ എത്തിയപ്പോൾ ടോർച്ചടിച്ച് ബഹളം വെച്ചെങ്കിലും ആന മടങ്ങിയില്ല.
ഗ്രേസ് കോട്ടേജിൽ കോശിമാത്യുവിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ കാട്ടാന എത്തിയിരുന്നു. പുരയിടത്തിലെ തിട്ടലുകൾ കാട്ടാന ഇടിച്ചുനിരത്തുകയാണ്. പുരയിടത്തിലെ തെങ്ങുകളും നശിപ്പിച്ചു. റബ്ബർ തോട്ടത്തിൽ കറ സൂക്ഷിച്ചിരുന്ന വീപ്പകൾക്കും നാശംവരുത്തി.
ഏതാനും ദിവസംമുമ്പ് മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ വളപ്പിലും കാട്ടാനക്കൂട്ടം എത്തിയിരുന്നു. അവിടുത്തെ കൃഷിയും ആന നശിപ്പിച്ചു.
വരിക്കോലി കുന്നേൽ സന്തോഷിന്റെ പുരയിടത്തിന് ചുറ്റും ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച കമ്പിവല കൊണ്ടുള്ള വേലിയും നശിപ്പിച്ചു. ബൗണ്ടറിയൽനിന്നും ചെമ്പരത്തിമൂടിനുള്ള റോഡരികിലാണ് ഈ പുരയിടം. തുടർച്ചയായി കാട്ടാന ഇറങ്ങുന്നതോടെ സന്ധ്യമയങ്ങിയാൽ ബൗണ്ടറി-ചെമ്പരത്തിമൂട് റോഡിൽ പോകാൻ ജനം ഭയക്കുന്നു.
വടശ്ശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, കുമ്പളത്താമൺ മേഖലകളിൽ എത്തുന്ന കാട്ടാനകളുടെ എണ്ണം ദിവസവും കൂടിവരുകയാണ്. ജനവാസമേഖലകളിൽ മേഞ്ഞശേഷം പുലർച്ചെ ഇവ വരിവരിയായി മടങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. 11 ആനകൾ വരെ ഈ കൂട്ടത്തിൽ നാട്ടുകാർ കണ്ടിട്ടുണ്ട്.
സോളാർ വേലിയും അലാറവും വനപാലകരുടെ മോണിറ്ററിങ്ങും ഒന്നും കാട്ടാനകളെ ബാധിക്കുന്നതേയില്ല. സോളാർവേലി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി വരുകയാണെന്നാണ് വനപാലകർ പറയുന്നത്.
എന്നാൽ വേലിസ്ഥാപിച്ച പ്രദേശങ്ങളിലൊക്കെ കാട്ടാനക്കൂട്ടം ഒരു മുടക്കവുമില്ലാതെ പതിവായി എത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Published: 01 Nov 2026, 12:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented