എട്ടുവർഷമായിട്ടും ടെൻഡർ നടപടിപോലും പൂർത്തിയായില്ല

To advertise here,

അടൂർ : സ്റ്റേഡിയം പണിയാൻ സ്ഥലമുണ്ട്, പത്തുകോടി രൂപയുടെ കിഫ്ബി ഫണ്ടുമുണ്ടെന്ന് പറയുന്നു. പക്ഷേ, കായികമത്സരങ്ങൾ നടത്താൻ സ്വന്തം മൈതാനമില്ല. അതുകൊണ്ട് ഇത്തവണയും അടൂർ നഗരസഭയുടെ കേരളോത്സവത്തിലെ കായികമത്സരങ്ങൾ നടക്കുന്നത് വാടകയ്ക്കെടുത്ത സ്വകാര്യമൈതാനങ്ങളിൽ.

സ്റ്റേഡിയം നിർമാണത്തിനായി പണമനുവദിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ടെൻഡർ നടപടിപോലും പൂർത്തിയാക്കാനായിട്ടില്ല. നഗരസഭാതല കേരളോത്സവത്തിന് വെള്ളിയാഴ്ച അടൂരിലെ സ്വകാര്യ ടർഫിൽ തുടക്കമായി. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, അത്‌ലറ്റിക്സ് തുടങ്ങിയ മത്സരങ്ങൾ വിവിധ സ്വകാര്യ ടർഫുകളിലും ഗ്രൗണ്ടുകളിലുമായാണ് നടക്കുന്നത്. കലാമത്സരങ്ങൾ ഗവ. യു.പി. സ്കൂളിലും നടക്കും. സ്വന്തം സ്റ്റേഡിയം യാഥാർഥ്യമായിരുന്നെങ്കിൽ, ഈ മത്സരങ്ങൾക്കെല്ലാം നഗരസഭയ്ക്ക് മറ്റിടങ്ങൾ തേടേണ്ടിവരില്ലായിരുന്നു.അതേസമയം, സ്റ്റേഡിയത്തിനായി നഗരസഭ ഏറ്റെടുത്ത പുതുവാക്കൽ ഏലയിൽ കായികതാരങ്ങൾക്കുപകരം വർഷങ്ങളായി എത്തുന്നത് കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളുമാണ്. നാട്ടിലെ വിവിധ നിർമാണപ്രവൃത്തികളിൽനിന്നുള്ള മണ്ണും കല്ലും തള്ളാനുള്ള ഇടമായി ഈ സ്ഥലം മാറി. പല കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇവിടെ നിക്ഷേപിച്ചതോടെ ഒരു മലതന്നെ രൂപപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ കൊട്ടാരക്കര ഭാഗത്തെ ആശുപത്രിനിർമാണത്തിൽനിന്നുള്ള കല്ലും മണ്ണും ഇവിടെ നിക്ഷേപിക്കാൻ അനുമതി തേടിയെങ്കിലും, നഗരസഭ നിരസിച്ചു.

നാലുവർഷംമുൻപ് സ്റ്റേഡിയം നിർമിക്കാനായി സ്ഥലം കായികവകുപ്പിനെ ഏൽപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി മണ്ണുപരിശോധനയും നടന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. സ്ഥലം കായിക വകുപ്പിന്റെ പക്കലായതിനാൽ നഗരസഭ കാടുപോലും തെളിക്കാൻ തയ്യാറാകുന്നുമില്ല.

2018-ൽ പത്തുകോടി

2017-18 സാമ്പത്തികവർഷത്തിലാണ് സ്റ്റേഡിയം നിർമാണത്തിന് കിഫ്ബി പത്തുകോടി രൂപ അനുവദിച്ചത്. 4.90 ഏക്കർ സ്ഥലമാണുള്ളത്.

എന്നാൽ, പണം അനുവദിച്ചതല്ലാതെ നിർമാണത്തിലേക്ക് കാര്യമായ ചുവടുവെപ്പുണ്ടായില്ല. ഓരോവർഷവും കേരളോത്സവം വരുമ്പോൾ മത്സരങ്ങൾ നടത്താൻ സ്വകാര്യമൈതാനങ്ങൾ തേടണമെന്ന അവസ്ഥയാണ്. സ്റ്റേഡിയത്തിനായി അനുവദിച്ച പത്തുകോടി രൂപയും പുതുവാക്കൽ ഏലയിലെ സ്ഥലവും നിലനിൽക്കുമ്പോഴാണ് ഈ അവസ്ഥ.

കായികതാരങ്ങൾക്കായി ഒരുക്കേണ്ട മൈതാനം എപ്പോൾ യാഥാർഥ്യമാകുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. സ്റ്റേഡിയം വരുന്നതുംകാത്ത് കേരളോത്സവംമാത്രം ഓരോ വർഷവും വാടകമൈതാനങ്ങളിൽ അരങ്ങേറുകയാണ്.