പ്രവർത്തിച്ചുതുടങ്ങാതെ നാല് ആശുപത്രി കെട്ടിടം

To advertise here,

പത്തനംതിട്ട : നാടിളക്കി ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിടം ഇപ്പോഴും നിർമാണഘട്ടത്തിൽ തന്നെ. ജില്ലയിൽ 71.34 കോടി രൂപ മുടക്കി നിർമിച്ച നാല് ആശുപത്രികെട്ടിടങ്ങളാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഉപയോ​ഗിക്കാതെ കിടക്കുന്നത്. പണി പൂർത്തിയാകാതെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയ കെട്ടിടങ്ങളാണ് ഇവ. അടൂർ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം, പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഒ.പി. കെട്ടിടം, ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, കോന്നി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം എന്നിവയാണ് പൂർണസജ്ജമാകാത്തത്.‌

അടൂർ ജനറൽ ആശുപത്രി

കിഫ്ബി ഫണ്ടായ 14.64 കോടി രൂപ ഉപയോ​ഗിച്ച് നിർമിച്ച അടൂർ ജനറൽ ആശുപത്രി കെട്ടിടത്തി​ന്റെ 98 ശതമാനം പണികൾ പൂർത്തിയായെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുന്നേ ഉദ്ഘാടനം നടത്തി. കെട്ടിടത്തിന് ഫയർ എൻ.ഒ.സി.യും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റി​ന്റെ അനുമതിയും ലഭിച്ചിട്ടില്ല. ഉപകരണങ്ങൾ ടെൻഡർ ചെയ്യേണ്ടതുണ്ട്. കെട്ടിടത്തിന് വിള്ളലുണ്ടായതായി അടുത്തിടെ കണ്ടെത്തി പരിഹരിച്ചിരുന്നു. ഏറ്റവും താഴത്തെ നിലയിൽ വാഹന പാർക്കിങ്, ഗ്രൗണ്ട് ഫ്ലോറിൽ ലബോറട്രി, എക്സ്റേ, ഒന്നാം നിലയിൽ ദന്തചികിത്സ വിഭാഗം, ഐ.സി.ടി.സി. ലാബ്, മുലയൂട്ടാനുള്ള മുറി, കുട്ടികളുടെ പരിശോധനാ വിഭാഗം, രണ്ടാം നിലയിൽ രക്തബാങ്ക്, മെഡിക്കൽ റെക്കോഡുകൾ സൂക്ഷിക്കാനുള്ള റൂം, ഓഡിയോമെട്രി തുടങ്ങിയവയാണ് ക്രമീകരിക്കുന്നത്.

പത്തനംതിട്ട ജനറൽ ആശുപത്രി

ആരോ​ഗ്യമന്ത്രിയായിരുന്ന വീണാ ജോർജ് ആണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഒ.പി. ബ്ലോക്ക്, ക്രിട്ടിക്കൽ കെയർ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം മാർച്ച് 11-ന് നിർവഹിച്ചത്. എന്നാൽ മണ്ഡലകാലമായിട്ടും ശബരിമല ബേസ് ആശുപത്രിയാകേണ്ട ഇവിടെ കെട്ടിടം പണികൾ പൂർണമായിട്ടില്ല. നബാർഡിൽനിന്ന് ലഭിച്ച 22.16 കോടി രൂപ ഉപയോ​ഗിച്ച് 31200 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് നിലയിലായി നിർമിക്കുന്ന ഒ.പി. കെട്ടിടത്തി​ന്റെ 85 ശതമാനം പണികളാണ് ഇതുവരെ പൂർത്തിയായത്. കെട്ടിടത്തിനുള്ളിലെ പണികളും പെയി​ന്റിങ്ങും അവസാനഘട്ട ജോലികളും പൂർത്തിയാകാനുണ്ട്. ​ഗ്രൗണ്ട് ഫ്ലോറിൽ ഒ.പി. മുറി, ഫാർമസി, അസ്ഥിരോ​ഗചികിത്സാമുറി, ഒന്നാംനിലയിൽ ഒ.പി. മുറി, ഇ.എൻ.ടി. ചികിത്സാമുറി, ഫിസിയോതെറാപ്പി മുറി, പി.പി.യൂണിറ്റ്, രണ്ടാംനിലയിൽ ഒ.പി. മുറി, ശസ്ത്രക്രിയ ചികിത്സാമുറി, മൂന്നാംനിലയിൽ ഓപ്പറേഷൻ തിയേറ്റർ, ന്യൂറോളജി, നെഫ്രോളജി, നാലാം നിലയിൽ ഹാൾ എന്നിങ്ങനെയാണ് നിർമാണം.

24.97 കോടി രൂപ എൻ.എച്ച്.എം. ഫണ്ട് ഉപയോ​ഗിച്ച് നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കി​ന്റെ 65 ശതമാനം പണികൾ മാത്രമാണ് പൂർത്തിയായത്. കെട്ടിടത്തി​ന്റെ ​ഗുണനിലവാരം ഉറപ്പാക്കാനായില്ലെന്നും ഉദ്ഘാടനത്തിനായി പണികൾ വേ​ഗത്തിലാക്കാൻ സമ്മർദമുണ്ടായെന്നും എൻജിനിയർ തുറന്നുപറഞ്ഞത് വിവാദമായിരുന്നു. ഏറ്റവും താഴത്തെ നിലയിൽ വാഹനപാർക്കിങ്, പമ്പ് റൂം, ​ഗ്രൗണ്ട് ഫ്ലോറിൽ ഐസൊലേഷൻ വാർഡ്, കാഷ്വാലറ്റി, മൈനർ ഒ.ടി., ഡോക്ടർമാരുടെ മുറി, ഫാർമസി, ഒന്നാംനിലയിൽ ഐ.സി.യു, എച്ച്.ഡി.യു., ഡയാലിസിസ് യൂണിറ്റ്, ആർ.എം.ഒ. ഓഫീസ്, രണ്ടാംനിലയിൽ എം.ഐ.സി.യു. മെഡിക്കൽ വാർഡ്, ഐസൊലേഷൻ യൂണിറ്റ് എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ​സ്റ്റെയർ റൂം നിർമാണവും പ്ലാ​സ്റ്ററിങ് ജോലികളും നടക്കുകയാണ്. ലിഫ്റ്റ് ഘടിപ്പിക്കുന്നതുൾപ്പെടെ ഒട്ടേറെ പണികൾ പൂർത്തിയാകാനുണ്ട്. നാലുനില കെട്ടിടത്തി​ന്റെ നിർമാണച്ചുമതല കിറ്റ്കോയ്ക്കാണ്.

കോന്നി താലൂക്ക് ആശുപത്രി

എം.എൽ.എ. ഫണ്ട് 7.5 കോടിയും എൻ.എച്ച്.എം. ഫണ്ട് 2.07 കോടി രൂപയും ഉപയോ​ഗിച്ചാണ് കോന്നി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം നിർമിച്ചത്. നേരത്തെ നിർമിച്ച രണ്ട് നില കെട്ടടത്തിന് മുകളിലാണ് മൂന്ന് നിലയിലായി പുതിയ ബ്ലോക്ക് പണിതത്. 90 ശതമാനം ജോലികളാണ് പൂർത്തിയായത്. ലിഫ്റ്റി​ന്റെ പണികൾ, പ്ലമ്പിങ്, ഇലക്ട്രിക്കൽ, സെപ്റ്റിക് ടാങ്ക് പണികൾ തുടങ്ങിയവ നടക്കാനുണ്ട്. ഫയർ എൻ.ഒ.സി. ലഭിച്ചിട്ടില്ല. ഓപ്പറേഷൻ തിയേറ്ററും പ്രവർത്തനസജ്ജമാക്കിയിട്ടില്ല. ലക്ഷ്യ ​സ്റ്റാൻഡേഡ് അനുസരിച്ച് ​ഗൈനക്കോളജി വിഭാ​ഗത്തി​ന്റെ പണികൾ 95 ശതമാനം പൂർത്തിയായി. പൊതുമരാമത്ത് കെട്ടിടവിഭാ​ഗത്തിനും കെ.ഇ.എല്ലിനുമാണ് നിർമാണച്ചുമതല.