എല്ലായിടത്തും ക്യു.ആർ.കോഡും

To advertise here,

പമ്പ : തീർഥാടനപാതകളിലെ ഇടത്താവളങ്ങളെ കേവലം വിശ്രമകേന്ദ്രങ്ങൾ മാത്രം ആക്കാതെ വിവരങ്ങൾ നൽകുന്ന ഇൻഫർമേഷൻ സെന്ററുകളാക്കി മാറ്റാനാണ് ശ്രമമെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി. ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് തദ്ദേശവകുപ്പും ജില്ലാ ഭരണകൂടങ്ങളും പൂർണസജ്ജമാണെന്നും പറഞ്ഞു.വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും വകുപ്പ് മേധാവികളെയും ഉൾപ്പെടുത്തി നടത്തിയ അവലോകനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദൂരം, യാത്രാസൗകര്യങ്ങൾ, എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരുകൾ, സമീപത്തെ ആശുപത്രികൾ, ഭക്ഷണശാലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇടത്താവളങ്ങളിലെ ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനുള്ള ക്രമീകരണം നടത്തും. കൂടാതെ, തീർഥാടകർക്ക് തങ്ങളുടെ പരാതികളും നിർദേശങ്ങളും വേഗം അറിയിക്കുന്നതിനും അടിയന്തര സേവനങ്ങൾ ഉറപ്പാക്കുന്നതിനും എല്ലാ ഇടത്താവളങ്ങളിലും ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.

സി.എസ്.ആർ. ഫണ്ട് പ്രയോജനപ്പെടുത്തി ഓരോകേന്ദ്രത്തിലും മതിയായ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ശ്രമം നടക്കുകയാണ്. ഇടത്താവളങ്ങളിലും തീർഥാടന പാതകളിലും സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിനായി സർവീസ് പ്രൊവൈഡർമാരുമായി ചർച്ച നടത്തും.

കുടിവെള്ള വിതരണം, തെരുവുവിളക്കുകൾ, കൃത്യമായ മാലിന്യസംസ്കരണം എന്നിവ ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. തീർഥാടന പാതയിലെ പൊതുശൗചാലയങ്ങൾ, ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ എന്നിവ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തും.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പമ്പയിൽ നടക്കുന്ന ഉന്നതതല അവലോകന യോഗത്തിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പന്തളം ഉൾപ്പെടെയുള്ള പ്രധാന ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും റോഡരികിലെ കൈയേറ്റങ്ങളും അനധികൃത പാർക്കിങ്‌ നിയന്ത്രിക്കുന്നതിനും നടപടിയെടുക്കും. ആവശ്യമായ സ്ഥലങ്ങളിൽ പോലീസ് സഹായകേന്ദ്രങ്ങൾക്കും മൊബൈൽ ശൗചാലയങ്ങൾക്കും സൗകര്യമൊരുക്കുന്നതും പരിഗണിക്കും.എം.എൽ.എ.മാരായ പഴകുളം മധു, അബിൻ വർക്കി, സി.വി. ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്‌ എന്നിവരും പങ്കെടുത്തു.യോഗത്തിൽ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ശബരിമല ഇടത്താവളങ്ങളിലെ ഒരുക്കങ്ങളും അവലോകനം ചെയ്തു.പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്.അയ്യർ, ജില്ലാ പോലീസ് മേധാവി ആർ. അനന്ദ്, ശബരിമല എ.ഡി.എം. ദിലീപ് കെ.കൈനിക്കര, തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.