To advertise here,

പന്തളം : സ്‌കൂൾവിട്ടാൽ കുട്ടികൾ ഓടിയിറങ്ങുന്നത് ഇടതടവില്ലാതെ വാഹനം ചീറിപ്പായുന്ന എം.സി.റോഡിലേക്ക്. പണ്ട് സ്‌കൂളെന്ന് കാണിക്കുന്ന ഒരു ബോർഡെങ്കിലും ഉണ്ടായിരുന്നു, ഇപ്പോൾ അതും ഇല്ല. അധ്യാപകരും രക്ഷിതാക്കളും റോഡിൽ കാത്തുനിന്നാണ് കുട്ടികളെ മറുവശത്തേക്ക് എത്തിക്കുന്നത്. മുറ്റംപോലുമില്ലാത്ത സ്‌കൂളുകളും ഇക്കൂട്ടത്തിലുണ്ട്.

എം.സി.റോഡിനരികിൽ കാരയ്ക്കാടിനും പറന്തലിനും ഇടയിൽ ഒൻപത് സ്‌കൂളുകളാണുള്ളത്. മാന്തുകയിൽ റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുണ്ട്. പന്തളത്ത് വരകൾ മാഞ്ഞിട്ട് നാളുകളായി.

ഇവിടെയൊന്നും റോഡ് മുറിച്ചുകടക്കാനും, വേഗം നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളില്ല .മാന്തുക ഗവൺമെന്റ് യു.പി. സ്‌കൂളിനു സമീപം രണ്ടുവളവുകൾക്കിടയിലാണ് സ്‌കൂൾ ഗേറ്റ്‌. പറന്തൽ വെൽഫെയർ എൽ.പി. സ്‌കൂളിൽ ഗേറ്റ്‌ തുറന്നാൽ ചവിട്ടുന്നത് എം.സി. റോഡിലേക്കാണ്.

കാരയ്ക്കാട് എസ്.എച്ച്.വി.എച്ച്.എസ്., കാരയ്ക്കാട് ഗവ. എൽ.പി.എസ്., മാന്തുക ഗവ. യു.പി.എസ്., പന്തളം ഗവ. യു.പി.എസ്., പന്തളം എൻ.എസ്.എസ്. ഗേൾസ്, എൻ.എസ്.എസ്. ബോയ്‌സ്, ഇടയാടിയിൽ എൽ.പി.എസ്., കുരമ്പാല എൽ.പി.എസ്., പറന്തൽ വെൽഫെയർ എൽ.പി.എസ്. എന്നീ സ്‌കൂളുകൾ എം.സി.റോഡിന് അരികിലുള്ളവയാണ്. കാൽനടയായി എത്തുന്ന കുട്ടികൾ കൂടുതലുണ്ട്. മാന്തുകയിലും എൻ.എസ്.എസ്. സ്ഥാപനങ്ങൾക്കുമുമ്പിലും മാത്രമാണ് പോലീസ് റോഡ് മുറിച്ചുകടക്കാൻ കുട്ടികളെ സഹായിക്കുന്നത്.