ഇളംപള്ളിൽ : ചെറിയൊരു ചിട്ടിയിലൂടെ തുടങ്ങിയ കൂട്ടായ്മ. ലാഭം സ്വരുക്കൂട്ടിവച്ച് രണ്ടുവർഷം മുൻപ് തവണവ്യവസ്ഥയിൽ വസ്ത്രങ്ങളുടെ ചെറുകിട കച്ചവടത്തിലേക്ക്. ഇപ്പോഴിതാ തയ്യലും ഡ്രൈക്ലീനിങ്ങും ഉൾപ്പെടെയുള്ള സംരംഭങ്ങളുമായി വനിതകളുടെ കൂട്ടായ്മ വളർച്ചയുടെ പുതിയ പടവിൽ.

To advertise here,

പയ്യനല്ലൂർ പ്രതീക്ഷ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാവേദിയാണ് കൂട്ടായ്മയുടെ രണ്ടാംവാർഷികം പിന്നിടുമ്പോൾ പുതിയ ആത്മവിശ്വാസവുമായി മുന്നേറുന്നത്. 20 അംഗങ്ങളാണ് വനിതാവേദിയിലുള്ളത്. ചെറിയ സമ്പാദ്യത്തിൽനിന്ന് ആരംഭിച്ച കൂട്ടായ്മ ഇന്ന് സ്വന്തമായി വരുമാനം കണ്ടെത്തുന്ന സംരംഭക കൂട്ടായ്മയായി മാറിയിരിക്കുകയാണ്.

വനിതാവേദിയുടെ രണ്ടാം വാർഷികാഘോഷം പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ പള്ളിക്കൽ ഉദ്ഘാടനംചെയ്തു. പത്തനംതിട്ട മൈ ഭാരതുമായി ചേർന്ന് സേവാ പക്‌വാഡ കാംപെയിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയും ശുചിത്വബോധവത്കരണവും സംഘടിപ്പിച്ചു.

വനിതാവേദി പ്രസിഡന്റ് പി. ജയലക്ഷ്മി അധ്യക്ഷയായി. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം അരുൺ കൃഷ്ണൻ മുഖ്യാതിഥിയായി. വനിതാവേദി സെക്രട്ടറി എം. രജനി, മൈ ഭാരത് നാഷണൽ യൂത്ത് വൊളൻറിയർ എസ്.ആർ. അഭിമന്യു, പള്ളിക്കൽ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം പ്രകാശ് ബാബു, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.