പന്തളം : പാടത്തേക്ക് വൈദ്യുതിലൈൻ വലിക്കാൻ പണം അനുവദിച്ചിട്ട് ഒരുവർഷം കഴിഞ്ഞിട്ടും വൈദ്യുതി ബോർഡിലേക്ക് പണം എത്തിയില്ല. കരിങ്ങാലിപ്പാടത്തെ കർഷകർക്ക് ഇത്തവണയും ഡീസൽ എൻജിൻ തന്നെ ശരണം. കരിയിലച്ചിറ, മൂന്നുകുറ്റി എഴുപറ, മണ്ണിക്കൊല്ല എന്നീ പാടങ്ങളിലെ വെള്ളം അടിച്ചുവറ്റിക്കാനും കൃഷിയിറക്കിക്കഴിഞ്ഞാൽ ആവശ്യനുസരണം വെള്ളം എത്തിക്കാനുമാണ് കർഷകർ ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടിവരുന്നത്.

To advertise here,

 

വർഷങ്ങളായി തരിശുകിടന്ന കരിയിലച്ചിറ, മൂന്നുകുറ്റി എഴുപറ, മണ്ണിക്കൊല്ല എന്നീ പാടങ്ങൾ നാലുവർഷംമുമ്പ് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത് ചേരിക്കലിലുള്ള യുവാക്കളാണ്. കുഴി നിലങ്ങളായതിനാൽ ഇവിടെ വെള്ളം വറ്റുന്നത് അവസാനമാണ്. വെള്ളം അടിച്ചുവറ്റിച്ച് കൃഷിയിറക്കുകയേ ഇവിടെ മാർഗമുള്ളൂ. മോട്ടോർ സ്ഥാപിക്കാൻ വൈദ്യുതി ലഭിക്കുന്നതിന് കാത്തിരിക്കുന്നത് ഇവരാണ്. പാടത്തേക്ക് പുതിയതായി ലൈൻ വലിക്കുന്നതിനായി മുൻ എം.എൽ.എ.യുടെ ഫണ്ടിൽനിന്നും 22 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് കൃഷിവകുപ്പ് കെ.എസ്.ഇ.ബി.യുടെ അക്കൗണ്ടിലേക്ക് മുൻകൂറായി അടച്ചാൽ മാത്രമേ ലൈൻ വലിക്കുന്ന ജോലി ആരംഭിക്കാനാകൂ. കൃഷിവകുപ്പ് ഇതുവരെ പണം ഒടുക്കിയിട്ടില്ല. വർഷകാലത്ത് പാടത്ത് നിറഞ്ഞുനിൽക്കുന്ന വെള്ളം ആറ്റിലേക്ക് അടിച്ചുവറ്റിച്ചശേഷമാണ് ഡിസംബർ, ജനുവരി മാസങ്ങളിൽ കരിങ്ങാലിപ്പാടത്ത് കൃഷിയിറക്കുന്നത്. ചില പാടങ്ങളിൽ വെള്ളം വറ്റിക്കാൻ മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും മൂന്നുകുറ്റി, കരിയിലച്ചിറ പാടങ്ങളിൽ ഈ സംവിധാനം ഇല്ല. ഡീസൽ എൻജിന് വാടകയ്‌ക്കെടുത്ത് പാടത്തെത്തിച്ച് ഇത് ഉറപ്പിച്ചാൽമാത്രമേ വെള്ളം വറ്റിക്കലും കൃഷിയിറക്കിക്കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളം നൽകാനും കഴിയുകയുള്ളൂ. ഡീസലിന്റെ ചെലവുൾപ്പെടെ ഭീമമായ തുകയാണ് കർഷകർക്ക് നഷ്ടമാകുന്നത്. കൃഷിയിറക്കാൻ താമസിച്ചാൽ കൊയ്ത്ത് മഴക്കാലത്തേക്ക് നീങ്ങും. ഇത് കൃഷിനാശത്തിനും കൊയ്ത്ത് വെള്ളത്തിലാകാനും കാരണമാകും. ഡീസൽ എൻജിൻ തിരികെ കരയിലെത്തിക്കാനും പ്രയാസമാണ്.