അധികൃതർക്ക് അവഗണനയെന്ന് പരാതിയുമായി നാട്ടുകാർ
കുന്നിട : കുന്നിടക്കാരുടെ യാത്രാദുരിതം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് പരാതിയുമായി നാട്ടുകാർ. കുഴികൾ നിറഞ്ഞ് അപകടകരമായി കിടക്കുന്ന റോഡിലൂടെ കുന്നിടക്കാരുടെ യാത്ര തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. ഇളമണ്ണൂർ-കുന്നിട-ചെളിക്കുഴി റോഡിന്റെ പല ഭാഗവും തകർന്നിട്ട് നാളുകളായി. കുന്നിട ജങ്ഷനിൽനിന്ന് രണ്ട് ദിശയിലേക്ക് പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചുള്ള പാതയാണിത്. കുന്നിടക്കാർക്ക് രണ്ട് ഭാഗത്ത് കൂടെയും കെ.പി. റോഡിലേക്ക് എത്തണമെങ്കിൽ അപകടക്കുഴികൾ കടക്കാതെ സാധിക്കാത്ത സ്ഥിതിയാണ്. റോഡ് ടാറിങ്ങിന് കരാറായതാണ്. മുൻപ് വാട്ടർ അതോറിറ്റിയുടെ പണികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ടാറിങ് വൈകുന്നതിന് കാരണമായി പറഞ്ഞത്. ഇപ്പോൾ ടാറിങ് മെറ്റീരിയലുകളുടെ വില കൂടിയതാണ് പ്രശ്നമായി പറയുന്നതെന്നാണ് വിവരം. റോഡിന്റെ വിഷയത്തിൽ ബന്ധപ്പെട്ടവരോടെല്ലാം പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായിട്ടില്ലെന്ന് നാട്ടുകാരനായ ചന്ദ്രശേഖരൻപിള്ള പറയുന്നു. ഈ റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനാപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാരനും ഓട്ടോറിക്ഷാ ഡ്രൈവറുമായി ഗോപകുമാർ പറയുന്നത്.
കൂടാതെ മോശം റോഡിലൂടെ ഓടിച്ച് ഓട്ടോറിക്ഷയ്ക്ക് സ്ഥിരമായി പണിയാകുന്നുവെന്നും പറയുന്നു. ഇരുചക്ര വാഹനത്തിലെ യാത്രാദുരിതത്തെപ്പറ്റിയാണ് മറ്റൊരു നാട്ടുകാരനായ സുവർണൻഉണ്ണിത്താനും പറയുന്നത്. കോന്നി എം.എൽ.എ. കെ.യു. ജെനീഷ് കുമാർ വെള്ളിയാഴ്ച റോഡ് തകർന്ന ഇടങ്ങളിൽ സന്ദർശനം നടത്തി.
Published: 22 Nov 2026, 12:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented