റാന്നി : വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ഇതിനായി വിദഗ്ധർ എത്തിയിട്ടുണ്ട്. ഭൂമിയിലെ സൂക്ഷ്മ ചലനങ്ങൾപോലും അറിയുന്നതിനുള്ള ഈ ഉപകരണം സ്ഥാപിക്കുന്നതിലൂടെ ഒരു കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ അറിയാനാകും.

To advertise here,

ആന എത്തുന്ന വഴി അറിയാനും ഇവയെ വനത്തിലേക്ക് മടക്കാനും ഇതുവഴി സാധിക്കും. മലയാറ്റൂരിൽ ഇത് പരീക്ഷിച്ച് വിജയിച്ചിരുന്നു. വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിലെ രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനത്തിൽനിന്ന് നാലുഭാഗങ്ങളിൽ കൂടിയാണ് ആനകൾ ജനവാസമേഖലയിലേക്ക് എത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ രണ്ടിടത്ത് എ.ഐ. ക്യാമറകളും അലാമും പ്രകാശ സംവിധാനവും സ്ഥാപിച്ച ശേഷം അതുവഴി ആന എത്തുന്നില്ല. മറ്റ് രണ്ടിടത്തുകൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സ്ഥാപിക്കും. പകൽ സമയം ആനകളെ നിരീക്ഷിക്കുന്നതിന് തെർമൽ ഡ്രോൺ എത്തിക്കും.

എട്ട് കിലോമീറ്റർ ദൂരം അഞ്ച് തട്ടുകളുള്ള സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കുന്നതിന് ടെൻഡറായി. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ഒരുവരി സോളാർ വേലി ഫലപ്രദമല്ല. കൂടുതൽ ആർ.ആർ.ടീമിനെയും വനപാലകരെയും വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തുള്ള യുവാക്കൾക്ക് പരിശീലനം നൽകി ഇവർക്കൊപ്പം പ്രവർത്തിക്കുന്നതിനായി നിയോഗിക്കും.

രണ്ടുദിവസം ആന എത്തിയിരുന്നില്ല. ഇഷ്ടപ്പെട്ട തീറ്റ തേടി വരും ദിവസങ്ങളിൽ തീർച്ചയായും വരാൻ സാധ്യതയുണ്ട്. വനപാലകർ അവിടെ തുടരും. തുടർച്ചയായി ജനവാസമേഖലയിലേക്ക് ഇറങ്ങാനായില്ലെങ്കിൽ ഇവ വനത്തിലേക്ക് മടങ്ങുകയാണ് സാധാരണ ഉണ്ടാകാറുള്ളത്. അതിനാണ് ശ്രമിക്കുന്നത്. വനാതിർത്തിയിൽ കർഷകരുടെ സഹായത്തോടെ നാരകം, മഞ്ഞൾ തുടങ്ങിയ കൃഷികൾ ചെയ്യുന്ന കാര്യം ആലോചിക്കും. പരിമിതികളിൽ നിന്നുകൊണ്ട് എങ്ങനെയും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. കർഷകർക്കുള്ള നഷ്ടപരിഹാരം സർക്കാർ ഇരട്ടിയാക്കിയതായും മന്ത്രി പറഞ്ഞു.

വേലി അഴിച്ചുനീക്കും

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വനത്തിലെ തേക്ക് പ്ലാന്റേഷനിലെ സോളാർ വേലി അഴിച്ചുനീക്കും. ഇവ ഉള്ളതിനാലാണ് ആനകൾ ഉൾവനത്തിലേക്ക് പോകാത്തതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മാത്രമാണത്. അതു ബോധ്യമുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരമാണ് വേലി നീക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ആന്റോ ആന്റണി എം.പി., പഴകുളം മധു എം.എൽ.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, സി.സി.എഫ്. കാർത്തികേയൻ, റാന്നി ഡി.എഫ്.ഒ. അരുൾ സെൽവൻ, വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കേശവൻ തുടങ്ങിയവർ പങ്കെടുത്തു. 

സർവകക്ഷി യോഗം വിളിക്കണം

വടശ്ശേരിക്കരയിൽ എല്ലാ രാഷ്ട്രീയകക്ഷികളെയും പങ്കെടുപ്പിച്ച് കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡി.എഫ്.ഒ., പഞ്ചായത്ത് എന്നിവർ ചേർന്ന് സർവകക്ഷിയോഗം വിളിക്കണം. ഇതൊക്കെ ചെയ്താലും ആന വരില്ലെന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം രാഷ്ട്രീയ ചിന്തകളൊന്നുമില്ലാതെ ജനം നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.