അടൂർ : മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നവകാശപ്പെടുന്ന അടൂരിന്റെ സാംസ്‌കാരിക ഭൂപടത്തിൽ വലിയൊരു ശൂന്യതയായി ഇ.വി. കൃഷ്ണപിള്ള സ്മാരകം. മലയാള ഹാസ്യസാഹിത്യത്തിന് അനശ്വര സംഭാവനകൾ നൽകിയ ഇ.വി. കൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി പണിതുടങ്ങിയ സ്മാരക ഓഡിറ്റോറിയം അരനൂറ്റാണ്ടിനിപ്പുറവും പൂർത്തിയായില്ല.

To advertise here,

ഇപ്പോൾ കാടുകയറിയും ഭിത്തികൾ വിണ്ടുകീറിയും തൂണുകളുടെ കമ്പികൾ തുരുമ്പെടുത്തും അവഗണനയുടെ നേർചിത്രമായി മാറിയിരിക്കുകയാണ്.1970-ൽ സ്മാരക നിർമാണത്തിന് തുടക്കമിട്ടതാണ്. പിന്നീട് 1978-79 കാലഘട്ടത്തിൽ പി.കെ. വാസുദേവൻനായർ മുഖ്യമന്ത്രിയായിരിക്കെ ഓഡിറ്റോറിയം നിർമാണത്തിന് സർക്കാർ 90,000 രൂപ അനുവദിച്ചു.

എന്നാൽ, 1980-ഓടെ പല കാരണങ്ങളാൽ നിർമാണം നിലച്ചു. പിന്നീട് പുനർനിർമാണത്തിനോ പൂർത്തീകരണത്തിനോ കാര്യമായ ശ്രമങ്ങളുണ്ടായില്ല. ആസ്ബസ്റ്റോ‌സ് മേൽക്കൂരയോടെ ബാൽക്കണിയുൾപ്പെടെ 1200 പേർക്ക് ഇരിക്കാവുന്ന തരത്തിലായിരുന്നു ഓഡിറ്റോറിയത്തിന്റെ രൂപകൽപ്പന.

കോൺഫറൻസ് ഹാൾ, ലൈബ്രറി, മൂന്ന് വി.ഐ.പി. മുറികൾ എന്നിവയും പദ്ധതിയിലുണ്ടായിരുന്നു. തിരുവനന്തപുരത്തെ ടാഗോർ സെന്റർ ഹാളിന്റെ മാതൃകയിലുള്ള സാംസ്‌കാരിക കേന്ദ്രമായിരുന്നു വിഭാവനം ചെയ്തിരുന്നത്.ഇ.വി. കൃഷ്ണപിള്ളയുടെ മക്കളും ബന്ധുക്കളും ഉൾപ്പെട്ട ഇ.വി. ഫൗണ്ടേഷൻ ട്രസ്റ്റാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ആദ്യഘട്ടത്തിൽ നടൻ അടൂർ ഭാസിയും സാമ്പത്തിക സഹായം നൽകിയിരുന്നുവെങ്കിലും പിന്നീട് നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന് ചരിത്രാന്വേഷകർ പറയുന്നു.

സ്മാരകമാകേണ്ടത് അവശിഷ്ടമായി

ഇ.വി.യുടെ ഓർമ്മകൾ നിറഞ്ഞുനിൽക്കേണ്ടിയിരുന്ന കെട്ടിടം ഇന്ന് കാറ്റും മഴയുമേറ്റ് ജീർണാവസ്ഥയിലാണ്. ഭിത്തികളിൽ പലതിലും വിള്ളൽ വീണിട്ടുണ്ട്. തൂണുകളിലെ കമ്പികൾ തുരുമ്പെടുത്ത് പുറത്തേക്ക് കാണാം. കെട്ടിടത്തിനുചുറ്റും കാടുപിടിച്ചതോടെ ഇങ്ങോട്ടുള്ള വഴിയും പരിസരവുംപോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

ഏറ്റെടുക്കാനും മടിച്ച് സർക്കാർ

മറ്റിടങ്ങളിൽ പ്രതിഭകളുടെ സ്മരണയ്ക്കായി സ്മാരകങ്ങൾ ഉയരുമ്പോൾ, ഇ.വി. കൃഷ്ണപിള്ളയെപ്പോലൊരു മഹാപ്രതിഭയുടെ സ്മാരകം ഏറ്റെടുത്ത് സംരക്ഷിക്കാൻപോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. കെട്ടിടം ഏറ്റെടുക്കാനുള്ള ശ്രമം ഒരിക്കൽ നടന്നിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഒരിക്കൽ കെട്ടിടവും സ്ഥലവും നഗരസഭയ്ക്ക് വിട്ടുനൽകാൻ ട്രസ്റ്റ് തയ്യാറായിരുന്നെങ്കിലും കോടികൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നതിന് നിലവിലുള്ള നിയമങ്ങൾ തടസ്സമായെന്നാണ് വിവരം. നിയമതടസ്സങ്ങൾ പരിഹരിച്ച് സ്മാരകം സംരക്ഷിക്കാൻ പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ല.

അരനൂറ്റാണ്ട് പിന്നിട്ടു

അരനൂറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തിയാകാത്ത ഈ കെട്ടിടം അടൂരിന്റെ സാംസ്‌കാരിക അവഗണനയുടെ സ്മാരകമായി മാറുകയാണ്. ഇത് കലാകാരന്മാരോടുള്ള വെല്ലുവിളിയാണ്. മാറി മാറി വരുന്ന ഭരണകർത്താക്കൾക്ക് ഇത് ശ്രദ്ധിക്കാൻ സമയമില്ല എന്ന് പറയുന്നതിൽ നിരാശയുണ്ട്.

-അടൂർ ശശാങ്കൻ, സെക്രട്ടറി, അടൂർ ഫൈൻ ആർട്സ് സൊസൈറ്റി

സ്മാരകം ഉയരണം

മലയാളത്തിന്റെ ഹാസ്യസാഹിത്യത്തിന് ചിരിയുടെ വാതിൽ തുറന്ന ഇ.വി. കൃഷ്ണപിള്ളയുടെ ഓർമ്മകൾക്ക് അടൂരിൽ ഒരു സ്മാരകം ഉയരണം. ഒന്നുകിൽ കെട്ടിടത്തിലെ കാടും വിള്ളലുകളും മാറ്റണം. അല്ലെങ്കിൽ ഉചിതമായ മറ്റ് ഏതെങ്കിലും സ്ഥലത്ത് സ്മാരകം നിർമിക്കണം

-രാജീവ് ഭാസ്കരൻ, സെക്രട്ടറി, സിനിമേറ്റ്സ് ഫിലിം സൊസൈറ്റി