കലഞ്ഞൂർ : പുനലൂർ-പത്തനംതിട്ട റോഡിലെ പ്രധാന ഗതാഗതകേന്ദ്രമായ കലഞ്ഞൂർ നാൽക്കവലയിൽ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചെങ്കിലും യാത്രക്കാർക്ക് കാത്തുനിൽക്കാൻ അടിസ്ഥാന സൗകര്യങ്ങളില്ല. മഴയിലും വെയിലിലും റോഡരികിൽ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
പുനലൂർ ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പിന് സമീപം ഏത് സമയത്തും നിലംപൊത്താറായ നിലയിലുള്ള സ്വകാര്യകെട്ടിടവും പത്തനംതിട്ട ഭാഗത്ത് കാത്തിരിപ്പിന് ഇടമില്ലാത്ത വ്യാപാരസ്ഥാപനങ്ങളുടെ മുൻവശവുമാണ് യാത്രക്കാരുടെ ആശ്രയം. പാടം, മാങ്കോട്, ഇളമണ്ണൂർ, പൂതങ്കര തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കലഞ്ഞൂരിലെത്തുന്നവരും പുനലൂർ, പത്തനംതിട്ട, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുമാണ് പ്രധാനമായും ഈ ബസ്‌സ്റ്റോപ്പുകളെ ആശ്രയിക്കുന്നത്.
ദിവസേന നിരവധി യാത്രക്കാർ എത്തുന്ന ജങ്ഷനിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രംപോലെയുള്ള അടിസ്ഥാന സൗകര്യംപോലും ഒരുക്കാത്തത്.
അപകടക്കെട്ടിടത്തിന് മുന്നിൽ ബസ് കാത്തിരിപ്പ്
പുനലൂർ, തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത് കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ്. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീഴുന്ന സാഹചര്യത്തെ തുടർന്ന് ഇവിടെ വ്യാപാര സ്ഥാപനങ്ങൾപോലും പ്രവർത്തിക്കുന്നില്ല. എന്നാൽ, ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് മഴ പെയ്യുമ്പോൾ അഭയം തേടേണ്ടിവരുന്നത് ഇതേ കെട്ടിടത്തിന്റെ താഴെയാണ്.
മഴയിൽനിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന് കീഴിൽ കയറുന്ന യാത്രക്കാരുടെ തലയിൽ കോൺക്രീറ്റ് അടർന്നുവീഴുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. പത്തനംതിട്ട ഭാഗത്ത് നിൽക്കാൻപോലും ഇടമില്ലപത്തനംതിട്ട ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പിലും സ്ഥിതി മെച്ചമല്ല. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ കടകളുടെ മുന്നിൽ സാധനങ്ങൾ തൂക്കിയിട്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് കയറി നിൽക്കാൻപോലും സ്ഥലമില്ല. മഴ പെയ്താൽ സമീപത്തെ ആൽത്തറ മണ്ഡപത്തിലാണ് പലരും അഭയം തേടുന്നത്.
പാടം, മാങ്കോട്, ഇളമണ്ണൂർ, പൂതങ്കര തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കലഞ്ഞൂരിലെത്തുന്ന യാത്രക്കാർ പത്തനംതിട്ട ഭാഗത്തേക്ക് ബസ് കയറുന്നതിനായി ഇപ്പോൾ ഓട്ടമാണ്. നിലവിൽ ബസ് ഇറങ്ങുന്നിടത്തുനിന്ന് അൽപ്പം ദൂരെയായിട്ടാണ് പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പ്.റോഡ് വികസിച്ചു ജങ്ഷൻ അവഗണിക്കപ്പെട്ടുപുനലൂർ-മൂവാറ്റുപുഴ റോഡ് ദേശീയപാത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ കലഞ്ഞൂർ നാൽക്കവലയുടെ വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, റോഡ് വികസനത്തിന്റെ ഓരോ ഘട്ടത്തിലും കലഞ്ഞൂർ ജങ്ഷൻ അവഗണിക്കപ്പെട്ടുവെന്നാണ് നാട്ടുകാരുടെ ആരോപണം.സ്ഥലമേറ്റെടുപ്പിൽ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കാര്യത്തിൽവരെ അവഗണന തുടരുകയായിരുന്നു. പുനലൂർ, പത്തനംതിട്ട ഭാഗങ്ങളിൽ പ്രത്യേകം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നിർമാണം നടന്നില്ല.
Published: 07 Oct 2026, 01:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented