ഏനാത്ത് : ഏനാത്ത്- പത്തനാപുരം റോഡിന്റെ പണി കാലതാമസമില്ലാതെ തീർക്കണമെന്ന ആവശ്യം ഉയരുന്നു. പണി പൂർത്തിയാകാതെ പല ഭാഗത്തും അപകടാവസ്ഥയിൽ കിടന്ന റോഡിൽ ആഴ്ചകൾക്ക് മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അപകടകരമായി കിടന്നയിടങ്ങളിലാണ്‌ ടാർ വേസ്റ്റും മണ്ണും ഇട്ട് നിരപ്പാക്കുന്ന പണികൾ നടത്തിയത്. പത്തനാപുരം എം.എൽ.എ. ജ്യോതികുമാർ ചാമക്കാലായുടെ ഇടപെടലോടെ അഞ്ചരലക്ഷം രൂപ ചെലവിലുള്ള അറ്റകുറ്റപ്പണികളാണ് നടന്നത്. എന്നാൽ, ഈ കുഴിയടയ്ക്കൽ യാത്രാദുരിതം മാറാൻ പര്യാപ്തമായില്ല. കുഴിയടച്ചയിടങ്ങളിൽ വീണ്ടും മണ്ണും മെറ്റലും ഇളകി തുടങ്ങിയിട്ടുണ്ട്. മഴ മാറിയതോടെ പൊടിശല്യവും രൂക്ഷമായി. കളമല പള്ളിക്ക് സമീപം വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നാലു വർഷം മുൻപാണ് റോഡിന്റെ നവീകരണ പ്രവർത്തനം തുടങ്ങിയത്. ഒരുവർഷം മുൻപ് ടാറിങ് പൂർത്തിയാക്കാതെ പണികൾ നിർത്തുകയായിരുന്നു. റോഡിന്റെ പണി പൂർത്തിയാക്കാനായി പുതിയ ടെൻഡർ വിളിക്കാൻ നടപടികൾ തുടങ്ങിയെന്നാണ് മുൻപ് ലഭിച്ച വിവരം. ഇത് വേഗത്തിൽ പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

To advertise here,