കടപ്ര : ആയുർവേദാശുപത്രിയിലെ നിർമാണങ്ങൾ പുരോഗമിക്കുന്നു. കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപ രണ്ട് വർഷം മുമ്പ് അനുവദിച്ചിരുന്നു. രോഗികൾക്കുള്ള കാത്തിരിപ്പുകേന്ദ്രവും ഭിന്നശേഷിക്കാർക്കുള്ള റാമ്പും കെട്ടിടത്തിന്റെ ഒന്നാംനിലയിൽ യോഗ ഹാളുമാണ് പദ്ധതിപ്രകാരം നിർമിക്കുന്നത്. ആശുപത്രിയുടെ പേര് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്ന പേരിൽ പുനർ നാമകരണം ചെയ്തിരുന്നു.
യോഗഹാൾ, ഫിസിയോതെറാപ്പിക്കുള്ള സ്ഥലം, ഒ.പി. കൗണ്ടർ, സ്വീകരണമുറി, കുറഞ്ഞത് 20 പേർക്കുള്ള കാത്തിരിപ്പുകേന്ദ്രം, സി.എച്ച്.ഒ.യ്ക്ക് കംപ്യൂട്ടർ ഉപയോഗിക്കാനുള്ള മേശയും കസേരയും ഉൾപ്പെട്ട ഓഫീസ് മുറി, ഓഫീസ് ജോലിക്കുള്ള ഫർണിച്ചർ, ഫാർമസി ആൻഡ് മെഡിസിൻ സ്റ്റോർ, ഭിന്നശേഷിക്കാർക്കുള്ള ശൗചാലയം, ലാബ് സൗകര്യം, ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിങ്, കുടിവെള്ളത്തിനുള്ള സംവിധാനം, ഇലക്ട്രോണിക് ടോക്കൺ മെഷീൻ, ടി.വി., വീൽ ചെയർ, ഇൻവെർട്ടർ, പത്രമാധ്യമങ്ങൾ വെയ്ക്കുന്നതിനുള്ള റാക്ക്, ഔഷധത്തോട്ടം എന്നിവയ്ക്കു വേണ്ടി ഈ തുക ചെലവഴിക്കാം. പദ്ധതിപ്രകാരമുള്ള 10 വലിയ അലമാരകൾ, രോഗികളെ പരിശോധിക്കാനുള്ള മേശ, ഡോക്ടറുടെ കസേര തുടങ്ങിയവ ആശുപത്രിക്ക് കഴിഞ്ഞവർഷം നൽകിയിരുന്നു. ആറ് രോഗികൾക്കുള്ള ഇരിപ്പിടങ്ങൾമാത്രമാണ് ഇപ്പോഴുള്ളത്. കൂടുതൽ ആളുകൾ എത്തിയാൽ കെട്ടിടത്തിന് പുറത്ത് നിൽക്കേണ്ടിവരും. ഡോക്ടർ, നഴ്സ്, അഞ്ച് ആശവർക്കർമാർ, യോഗപരിശീലക ഉൾപ്പെടെ 11 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്.
മരം മുറിക്കാൻ അപേക്ഷ നൽകി
:പദ്ധതി പൂർണമാകണമെങ്കിൽ നിർമാണം മുഴുവൻ നടത്തണം. കെട്ടിടത്തിന് മുമ്പിലുള്ള കാർ ഷെഡിനുസമീപം നിൽക്കുന്ന മരത്തിന്റെ വേരുകൾ അടിത്തറയോടുചേർന്നു നിൽക്കുന്നതിനാൽ അത് വെട്ടണം. എങ്കിൽ മാത്രമേ ബാക്കി പണികൾ നടക്കുകയുള്ളൂ. മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്കായി വനം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ ശരണ്യ വിജയൻ പറഞ്ഞു. യോഗഹാൾ ഉൾപ്പെടെയുള്ള നിർമാണം നടത്താത്തതിനാൽ ആയുഷ് മിഷനിൽനിന്ന് ലഭിക്കുമായിരുന്ന എ ഗ്രേഡ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. യോഗഹാൾ ഉണ്ടെങ്കിൽമാത്രമേ എ ഗ്രേഡിന് പരിഗണിക്കുകയുള്ളൂ. 100 ആളുകളെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പുതിയ ഹാൾ നിർമിക്കുന്നത്. ആശുപത്രിയുടെ മേൽക്കൂരയിൽ ഇട്ടിരിക്കുന്ന ഷീറ്റുകളും പകുതി ദ്രവിച്ചനിലയിലായിരുന്നു.
Published: 07 Sept 2026, 01:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented