അടൂർ : നൂറുവർഷം പഴക്കമുള്ള, മേൽക്കൂര ചോർന്നൊലിച്ചിരുന്ന കോടതിക്ക് വിട. അൺഫിറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അടൂർ മുൻസിഫ് കോടതി ഇനി പുതിയ കോടതി സമുച്ചയത്തിൽ. നിർമാണം പൂർത്തിയാകാത്ത പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കാണ് കോടതിയുടെ പ്രവർത്തനം താത്കാലികമായി മാറ്റുന്നത്. പഴയ കെട്ടിടത്തിലെ പ്രവർത്തനം വ്യാഴാഴ്ച അവസാനിപ്പിച്ചു. തിങ്കളാഴ്ചമുതൽ പുതിയ സ്ഥലത്ത് കോടതി പ്രവർത്തിക്കും.കാലപ്പഴക്കത്താൽ മേൽക്കൂര നശിക്കുകയും ഓടുകൾ പൊട്ടുകയും ചെയ്തതോടെയാണ് പഴയ കോടതി കെട്ടിടം അൺഫിറ്റ് പട്ടികയിലായത്. മഴവെള്ളം അകത്തേക്ക് വീഴാതിരിക്കാൻ മേൽക്കൂരയിൽ ടാർപ്പോളിൻ വിരിച്ചായിരുന്നു കോടതിയുടെ പ്രവർത്തനം. നീതി തേടിയെത്തുന്നവർക്കും നീതി നടപ്പാക്കുന്നവർക്കും ഒരുപോലെ ദുരിതമായിരുന്ന ഈ അവസ്ഥയെക്കുറിച്ച് ഒക്ടോബർ ഒന്നിന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.തുടർന്ന് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ബദ്റുദീൻ സ്ഥലത്തെത്തി സ്ഥിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതിയുടെ പ്രവർത്തനം അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടിയുണ്ടായത്.പുതിയ കോടതി സമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. സമുച്ചയത്തിനുമുന്നിലെ പമ്പ് ഹൗസിന്റെ വലുപ്പം കുറയ്ക്കാനുള്ള നടപടി അടുത്തിടെ പൂർത്തിയാക്കി. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ ലിഫ്റ്റിന്റെ നിർമാണവും തറയോട് പാകലും ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കാനാകും.ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് ബഹുനില കോടതി സമുച്ചയം നിർമിച്ചത്. മുൻസിഫ് കോടതിക്കുപിന്നാലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉൾപ്പെടെയുള്ളവയും പുതിയ സമുച്ചയത്തിലേക്ക് മാറും.
Published: 24 Oct 2026, 12:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented