എഴുമറ്റൂർ : ടാർ ഉപരിതലം നഷ്ടപ്പെട്ട് മെറ്റൽ കൂനയായി മാറിയ ചാലാപ്പള്ളി- അറഞ്ഞിക്കൽ റോഡിലെ ദുരിതമിനിയകലും. എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ഈ വഴി നന്നാക്കാൻ നടപടി തുടങ്ങി. പ്രധാന പാതയായ ബാസ്‌റ്റോ റോഡിൽ ഇളകിയ മെറ്റൽ നിരന്നുകിടക്കുന്നതിനാൽ ഇരുചക്രവാഹന യാത്രികർ ഇവിടെ നിരന്തരം അപകടത്തിൽപ്പെടുന്ന വിവരം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

To advertise here,

ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജി. സതീഷ് ബാബുവിന്റെ നേതൃത്വത്തിൽ റോഡ് സന്ദർശിച്ചു. എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ്‌ അനിൽ പൈക്കര, മൂന്നാംവാർഡ് മെമ്പർ കെ.എൽ. സുലോചന, എം.ജി. സുരേഷ് കുമാർ, സന്തോഷ്‌ ജേക്കബ് എന്നിവർ ഒപ്പമുണ്ടായിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി അസിസ്റ്റന്റ് എൻജിനീയർ പരിശോധന നടത്തി.

പാറമടയിൽനിന്ന് ഭാരംകയറ്റിയെത്തുന്ന ലോറികൾ ഓടി റോഡ് നേരത്തേതന്നെ തകർന്നിരുന്നു. റോഡിലെ ടാറിങ്ങിന്‌ താങ്ങാവുന്നതിലും അധികമുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം തകർച്ചയ്ക്ക് ആക്കംകൂട്ടി. റോഡിന്റെ ഇരുഭാഗങ്ങളും തകർന്ന് തോടുപോലെ ആയപ്പോൾ അവിടെ പാറമടക്കാർ മക്ക് ഇറക്കി. മഴ പെയ്തതോടെ ചീളുകല്ലുകളും മെറ്റലും റോഡിൽ നിരന്നുകിടക്കുകയാണ്. ടാറിങ്ങിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങായി വരമ്പുപോലെ തള്ളിനിൽക്കുന്നു. ഇരുചക്രവാഹന യാത്രികർ ബാലൻസ് തെറ്റി മറിഞ്ഞുവീണു അപകടം നിത്യസംഭവമായിരുന്നു. കാൽനട യാത്രക്കാർക്കും റോഡിന്റെ നിലവിലെ അവസ്ഥ ഭീഷണി ഉയർത്തിയിരുന്നു.

എഴുമറ്റൂർ- മേത്താനം റോഡിലേക്ക് ചാലാപ്പള്ളിയിൽനിന്ന് എളുപ്പം എത്താൻ കഴിയുന്ന ഈ വഴിക്ക്‌ ഒരുകിലോമീറ്റർ നീളമേയുള്ളൂ. ചാലപ്പള്ളി- അറിഞ്ഞിക്കൽ- മേത്താനം- ആനപ്പാറ- പാലക്കൽ വഴി വായ്‌പൂര് എത്തുന്ന വളരെ പഴക്കമുള്ള ഈ റോഡ് അറ്റകുറ്റപ്പണി ഇല്ലാതായിട്ട് എട്ടുവർഷം കഴിഞ്ഞു.