പത്തനംതിട്ട : ജില്ലയിലെ മലയോരമേഖലയിലെ ഏഴ് വില്ലേജുകളിൽ ഇ.എസ്.എ. നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. രാജേന്ദ്രൻ പറഞ്ഞു. പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരേ നിസംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിനും കർഷകവിരുദ്ധ നയങ്ങൾക്കും എതിരേ അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റി നടത്തിയ പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി നിയമ പ്രകാരമുള്ള നിയന്ത്രണങ്ങൾ 98 വില്ലേജുകളിൽ ഉൾപ്പെടുന്ന 8590.69 ചതുരശ്ര കി.മീ. പ്രദേശം മാത്രമായി തിട്ടപ്പെടുത്തണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറപ്പെടുവിച്ച ഏഴാമത് വിജ്ഞാപനത്തിൽ കേരളത്തിന്റെ നിർദ്ദേശങ്ങൾ ഒന്നുപോലും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കിസാൻസഭ ജില്ലാ പ്രസിഡന്റ് ആർ. രാജേന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പി. ജയൻ, ജില്ലാ സെക്രട്ടറി ടി. മുരുകേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. സത്യാനന്ദ പണിക്കർ, സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി അരുൺ കെ.എസ്. മണ്ണടി, അഡ്വ. കെ.ജി. രതീഷ് കുമാർ, ബി. ഹരിദാസ്, ദീപകുമാർ, സന്തോഷ് കൊല്ലംപടി, കെ.ആർ. ശങ്കരനാരായണൻ, എൻ.ജി. പ്രസന്നൻ, ബാബു പാലക്കൽ, രേഖ അനിൽ, വി.സി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.