തിരുവല്ല : മണിമലയാറ്റിൽ കക്കൂസ് മാലിന്യമടക്കം തള്ളുന്നു. കുറ്റൂർ തോണ്ടറ കടവിലെ പഴയ പാലത്തിന്റെ ഭാഗത്താണ് മാലിന്യം തള്ളുന്നത്. പാലത്തിന്റെ ഇരു കരകളിലും മാലിന്യം ഒഴുക്കിയിട്ടുണ്ട്. ജൈവ, അജൈവ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയ നിലയിലും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്.

To advertise here,

സസ്യങ്ങളും വള്ളിപ്പടർപ്പുകളും ഉള്ളതിനാൽ പൊതുജനങ്ങളുടെ ശ്രദ്ധയിൽ മാലിന്യം തള്ളൽ പെട്ടെന്ന് ദൃശ്യമാകില്ല. ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം എത്തിച്ച് പഴയ പാലത്തിൽ വാഹനം നിർത്തി ഹോസ് വഴി നദിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസിയായ റെജി സാഗർ പറഞ്ഞു. കുഴികൾ രൂപപ്പെട്ടതിനാൽ പഴയ പാലത്തിലൂടെ വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതിനായി ട്രാഫിക് പോലീസിന്റെ പ്ലാസ്റ്റിക് ബാരിക്കേഡ് പാലത്തിന്റെ ഇരുഭാഗത്തും വെച്ചിരുന്നു.

പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വന്നു. ബാരിക്കേഡ് അരികിലേക്ക് മാറ്റി. മാലിന്യവുമായി എത്തുന്നവർ ലോറി പാലത്തിൽ കയറ്റിയ ശേഷം ബാരിക്കേഡ് പാലത്തിന് കുറുകെ എടുത്തുവയ്ക്കും. രാത്രിയായതിനാൽ ആരും ശ്രദ്ധിക്കില്ല. വഴിയാത്രക്കാർ പാലം അടച്ചിരിക്കുന്നുവെന്ന് കരുതി പുതിയ പാലത്തിലൂടെ പോകും. മാലിന്യം ഒഴുക്കി കളഞ്ഞാൽ ബാരിക്കേഡ് നീക്കി ലോറിക്കാർ പോകും.

പലദിവസങ്ങളിലും ബാരിക്കേഡ് വിവിധ ഭാഗങ്ങളിലാണ് കിടക്കുന്നതെന്ന് റെജി സാഗർ ചൂണ്ടിക്കാട്ടി. രാത്രിയിൽ കാൽനടക്കാർ ആരുമില്ലാത്ത ഭാഗമാണിവിടം. ഇറച്ചി അവശിഷ്ടം ഉൾപ്പെടെ ചാക്കുകളിലാക്കി പൊന്തക്കാട്ടിൽ ഇട്ടിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ നിരവധി താമസസ്ഥലങ്ങൾ ഇവിടുണ്ട്. മാലിന്യ സംസ്‌കരണത്തിനോ ശേഖരിക്കുന്നതിനോ പഞ്ചായത്തിന് കൃത്യമായ മാർഗങ്ങളില്ല.